മന്ത്രി സി.എന്‍. പിണറായിയെ എകെജി സെന്ററില്‍ സന്ദര്‍ശിച്ചു

single-img
7 November 2012

സംസ്ഥാന സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ എ.കെ.ജി സെന്ററിലെത്തി സന്ദര്‍ശിച്ചു. തൃശൂരില്‍ 13 മുതല്‍ 16വരെ നടക്കുന്ന സഹകരണ കോണ്‍ഗ്രസില്‍ മുന്‍ സഹകരണ മന്ത്രി കൂടിയായ പിണറായി വിജയനെ ക്ഷണിക്കാന്‍ പോയതാണെന്നു മന്ത്രി അറിയിച്ചു. സഹകരണ വാരാഘോഷ സമ്മേളനമാണു പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്.

ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെയാണു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിലെത്തിയത്. സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക മുറിയില്‍ നടന്ന കൂടിക്കാഴ്ച ഇരുപത്തഞ്ചു മിനിറ്റോളം നീണ്ടു. സംഭാഷണത്തിനിടയില്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിണറായി വിജയനുമായി മന്ത്രി ചര്‍ച്ച നടത്തിയതായി അറിയുന്നു. സിഎംപിയുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണു പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ലെന്നുമാണു മന്ത്രി പിണറായിയെ അറിയിച്ചതെന്നാണു സൂചന.