നീലം താണ്ഡവം തുടങ്ങി

single-img
31 October 2012

കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നീലം ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങളില്‍ വീശിയടിച്ചുതുടങ്ങി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് നീലം തീരത്തെത്തിയത്. ചെന്നൈയ്ക്ക് 500 കിലോമീറ്റര്‍ അകലെ രൂപംകൊണ്ട ചുഴലിക്കാറ്റ് 48 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടിലെ നാഗപട്ടണത്തും ആന്ധ്രപ്രദേശിലെ നെല്ലൂരിലും വ്യാപകനാശം വിതയ്ക്കാന്‍ സാധ്യതയുണെ്ടന്നു കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. ചെന്നൈയിലും കടലൂരും മഴ തുടരുകയാണ്. മണല്‍ക്കാറ്റും ശക്തമാണ്. വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധം തകരാറിലായി.

ഇതിനിടെ ചെന്നൈ തീരത്തിനടുത്തു ശക്തമായ കാറ്റില്‍പ്പെട്ടു പ്രതിഭാ കാവേരിയെന്ന എണ്ണക്കപ്പല്‍ കരയിലേക്കു പാഞ്ഞുകയറി. കപ്പല്‍ അപകടത്തില്‍പ്പെടുമെന്നു കണ്ട് ലൈഫ്‌ബോട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച 21 ജീവനക്കാരില്‍ ഒരാള്‍ ബോട്ടു മറിഞ്ഞു മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. 37 പേരാണ് കപ്പലിലുണ്ടായിരുന്നത്. കുറെപ്പേരെ തീരസേന രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.