യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; അംഗത്വ വിതരണം ആരംഭിച്ചു

single-img
29 October 2012

ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അംഗത്വവിതരണത്തിനും തെരഞ്ഞെടുപ്പിനും തുടക്കം കുറിച്ചു.അംഗത്വവിതരണം, തെരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള റിട്ടേണിംഗ് ഓഫീസര്‍മാര്‍ മേല്‍നോട്ടം വഹിക്കും. ബൂത്ത്, മണ്ഡലം, അസംബ്ലി, ലോക്‌സഭ, സംസ്ഥാനം എന്നിങ്ങനെ അഞ്ചു തലങ്ങളിലുള്ള ഭാരവാഹികളെയാണു തെരഞ്ഞെടുക്കുന്നത്. സ്വന്തം ബൂത്തില്‍നിന്നു മത്സരിച്ചു വിജയിച്ചവര്‍ക്കു മാത്രമേ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാകാന്‍ സാധിക്കുകയുള്ളുവെന്ന പുതിയ നിയമം ഈ തെരഞ്ഞെടുപ്പോടെ പ്രാബല്യത്തില്‍ വരും.

1977 ഒക്‌ടോബര്‍ 29-നുശേഷം ജനിച്ചവര്‍ക്ക് അഗത്വം ലഭിക്കുമെങ്കിലും 1978 ഏപ്രില്‍ 29-നുശേഷമുള്ളവര്‍ക്കേ മത്സരിക്കാനാകൂ. ബൂത്ത് തലത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൂന്നു ജനറല്‍ സെക്രട്ടറിമാര്‍ എന്നീ സ്ഥാനങ്ങളിലേക്കാണു മത്സരം. ജനറല്‍ സെക്രട്ടറിമാരില്‍ വനിതയ്ക്കും എസ്‌സി-എസ്ടി എന്നിവര്‍ക്കും ഓരോ സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. മണ്ഡലം മുതല്‍ സംസ്ഥാനം വരെയുള്ള തലങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നീ സ്ഥാനങ്ങളിലേക്കാണു മത്സരം. ജനറല്‍ സെക്രട്ടറിമാരില്‍ രണ്ടു വനിതകള്‍, എസ്‌സി-എസ്ടി ഒന്ന്, എസ്‌സി-എസ്ടി വനിത ഒന്ന് എന്നീ സ്ഥാനങ്ങള്‍ സംവരണം ചെയ്തിട്ടുണ്ട്.

വിവിധ കമ്മിറ്റികളിലേക്കു മത്സരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ സീറ്റ് വാങ്ങുന്നയാള്‍ പ്രസിഡന്റും രണ്ടാം സ്ഥാനത്തുള്ള സ്ഥാനാര്‍ഥി വൈസ് പ്രസിഡന്റുമാകുമെന്ന കഴിഞ്ഞ വര്‍ഷത്തെ പ്രക്രിയ ഇത്തവണയും തുടരും. എന്നാല്‍, സംസ്ഥാന ഭാരവാഹികളായി മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ മൂന്നു പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് 200 വോട്ടുകളില്‍ കൂടുതല്‍ നേടിയാല്‍ സംസ്ഥാന സെക്രട്ടറിയാകുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.