രാഷ്ട്രപതി തിങ്കളാഴ്ച തലസ്ഥാനത്തെത്തും

single-img
26 October 2012

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. രാഷ്ട്രപതി ആയതിനുശേഷം ആദ്യമായിട്ടാണു പ്രണാബ് മുഖര്‍ജി കേരളം സന്ദര്‍ശിക്കുന്നത്. തിങ്കളാഴച വൈകുന്നേരം ഏഴിനു തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കും. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക എന്നിവര്‍ ചേര്‍ന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കും. ചൊവ്വാഴ്ച രാവിലെ രാജ്ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. രാവിലെ 10-ന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വിശ്വമലയാള സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു 12-ന് രാജ്ഭവനില്‍ തിരിച്ചെത്തുന്ന അദ്ദേഹം പി.എന്‍.പണിക്കര്‍ വിജ്ഞാന്‍ യാത്ര ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു രാഷ്ട്രപതി നിയമസഭയെ അഭിസംബോധനം ചെയ്യും. നിയമസഭാ സമുച്ചയം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുള്ള കര്‍മപരിപാടികളുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും. വൈകുന്നേരം ആറിനു ശ്രീകാര്യം ലയോള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ചു ലയോള കോളജിന്റെ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴിനു ഡല്‍ഹിക്കു മടങ്ങും.