കേന്ദ്ര മന്ത്രിസഭയില്‍ ഈയാഴ്ച അഴിച്ചുപണി

single-img
25 October 2012

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ചയുണ്ടായേക്കും. ഏതാനും പുതിയ ഗവര്‍ണര്‍മാരുടെ നിയമനവും ഇതോടനുബന്ധിച്ചു നടത്തുമെന്ന് അറിയുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാനത്തെ പ്രധാന പുനഃസംഘടനയാകും നടക്കുകയെന്നാണു പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സൂചന നല്‍കിയത്. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. എന്നാല്‍ എ.കെ. ആന്റണി അടക്കം പ്രതിരോധം, ആഭ്യന്തരം,ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാകില്ല. കേരളത്തില്‍ നിന്നു ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകളാണു പരിഗണനയിലുള്ളത്. പ്രഫ. കെ.വി. തോമസ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ തുടങ്ങിയവരില്‍ ചിലര്‍ക്കു സ്ഥാനക്കയറ്റമോ, വകുപ്പുമാറ്റമോ നല്‍കിയേക്കുമെന്നും അഭ്യൂഹമുണ്ട്. രാഹുല്‍ ഗാന്ധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഇപ്പോഴും സമ്മര്‍ദമുണെ്ടങ്കിലും അദ്ദേഹം എഐസിസിയുടെ തലപ്പത്തു രണ്ടാമനായി പദവിയേല്‍ക്കാനാണു സാധ്യത. പാര്‍ട്ടിയും രാഹുലും ഇക്കാര്യം തീരുമാനിക്കുമെന്നു എഐസിസി വക്താവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. പ്രധാനമന്ത്രി തന്നെ പലതവണ രാഹുലിനെ മന്ത്രിസഭയിലേക്കു ക്ഷണിച്ചിരുന്നു.