ദൈവത്തിന് ആവേശോജ്വല വരവേല്‍പ്പ്..

single-img
24 October 2012

ലോക ഫുട്‌ബോളിന്റെ ദൈവം ഡീഗോ അര്‍മാന്‍ഡോ മാറഡോണയ്ക്കു കണ്ണൂരിന്റെ മണ്ണില്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ അത്യുജ്വല വരവേല്‍പ്പ്. സ്റ്റേഡിയം നിറഞ്ഞ ജനസഞ്ചയം മാറഡോണയോടും ഫുട്‌ബോളിനോടുമുള്ള മലയാളികളുടെ സ്‌നേഹത്തിന്റെ പ്രത്യക്ഷപ്രകടനമായി. ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെത്തി ഹോട്ടല്‍ ബ്ലൂനൈലില്‍ തങ്ങിയ അദ്ദേഹം ഇന്നലെ രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങി സ്റ്റേഡിയത്തിലെത്തുകയായിരുന്നു. ഒരിക്കലും നേരില്‍ കാണാനാവില്ലെന്നു കരുതിയിരുന്ന ഫുട്‌ബോള്‍ ഇതിഹാസത്തെ കണ്‍മുന്നില്‍ കണ്ട് ആരാധകര്‍ ആവേശനൃത്തമാടി.

പന്തു തട്ടിയും പാട്ടുപാടിയും നൃത്തച്ചുവടുകള്‍ വച്ചും ഫുട്‌ബോള്‍ രാജാവ് കാണികളുടെ ആഹ്ലാദം പരകോടിയിലെത്തിച്ചു. സ്റ്റേജിലുണ്ടായിരുന്ന ഇന്ത്യയുടെ പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം. വിജയനെ കെട്ടിപ്പുണര്‍ന്ന മാറഡോണ അദ്ദേഹത്തിനൊപ്പം പന്തുകൊണ്ടുള്ള അഭ്യാസങ്ങളും കാട്ടി. പത്തോളം പന്തുകള്‍ മാറഡോണ കാണികള്‍ക്കിടയിലേക്ക് അടിച്ചിട്ടു.

ഈമാസം 30 ന് 52-ാം പിറന്നാള്‍ ആഘോഷിക്കുന്ന മാറഡോണ സ്റ്റേജില്‍വച്ച് ഫുട്‌ബോള്‍ ആകൃതിയിലുള്ള ജന്മദിന കേക്ക് മുറിച്ചു. പിന്നീട് ബാങ്ക് റോഡിലെ ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ഷോറൂമും സന്ദര്‍ശിച്ചു. സ്വര്‍ണം പൂശിയ ലോകകപ്പ് മാതൃക അദേഹത്തിന് ഇവിടെവച്ചു സമ്മാനിച്ചു. തുടര്‍ന്നു ഹോട്ടലില്‍ വിശ്രമിച്ചശേഷം വൈകുന്നേരം 5.40 ന് ഹെലികോപ്റ്ററില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു തിരിച്ചു. അവിടെനിന്നു രാത്രി ദുബായിലേക്കും.