മുഖ്യമന്ത്രി ശ്രീധരനുമായി ചര്‍ച്ച നടത്തും

single-img
21 October 2012

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഉണ്ടായ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.എം.ആര്‍.സി.യൂടെ മുഖ്യ ഉപദേഷ്ടാവായ ഇ. ശ്രീധരനുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തും. ബുധനാഴ്ച തിരുവനന്തപുരത്താണ് കൂടിക്കാഴ്ച.കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയില്‍ നിന്നും ശ്രീധരനെ ഒഴിവാക്കാനായി ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടിട്ടുള്ളത്.

അതേസമയം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനെതിരെ കത്തയച്ച മെട്രോ മുന്‍ എംഡി ടോം ജോസിനോട് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.സെപ്തംബര്‍ 16നാണ് ടോംജോസ് കേന്ദ്രനഗര വികസന മന്ത്രാലയം സെക്രട്ടറി കൂടിയായ ഡിഎംആര്‍സി ചെയര്‍മാന്‍ സുധീര്‍കൃഷ്ണയ്ക്ക് കത്തയച്ചത്. കൊച്ചി മെട്രോയുടെ മേല്‍നോട്ടം വഹിക്കാനുള്ള ഇ ശ്രീധരന്റെ നീക്കത്തിന് ഡിഎംആര്‍സിയുടെ പിന്തുണയുണ്ടോയെന്ന് ടോംജോസ് കത്തില്‍ ആരാഞ്ഞു.സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഇത്തരമൊരു കത്തെഴുതിയ ടോം ജോസിന്‍റെ നടപടിയെ വിമര്‍ശിച്ച് മന്ത്രിസഭയിലെ അംഗങ്ങൾ തന്നെ രംഗത്ത് വന്നിരുന്നു

ശ്രീധരനുമായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. ശ്രീധരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്