കൊച്ചി മെട്രോ: ഇ. ശ്രീധരനെതിരേ ടോം ജോസ് അയച്ച കത്ത് പുറത്തായി

single-img
20 October 2012

കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ. ശ്രീധരനെതിരേ കമ്പനിയുടെ മുന്‍ എംഡി ടോം ജോസ് അയച്ച കത്ത് പുറത്തായി. ഇ. ശ്രീധരന്റെ അധികാരങ്ങള്‍ ആരാഞ്ഞ് കഴിഞ്ഞ മാസം 26 നാണ് ടോം ജോസ് കത്തയച്ചത്. പി. രാജീവ് എംപിയാണ് കത്ത് പുറത്തുവിട്ടത്. ശ്രീധരനെ ഒഴിവാക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പി. രാജീവ് പറഞ്ഞു. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ക്കൊപ്പമായിരുന്നു പി. രാജീവിന്റെ പത്രസമ്മേളനം. ടോം ജോസിന്റെ പിന്നിലുള്ളവരെയാണ് വ്യക്തമാകേണ്ടതെന്നും പി. രാജീവ് പറഞ്ഞു. എംഡി സ്ഥാനത്തു നിന്നും സര്‍ക്കാര്‍ മാറ്റിയ ശേഷമായിരുന്നു ടോം ജോസ് കത്തയച്ചത്. നാല് കാര്യങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. മെട്രോ റെയില്‍ പദ്ധതിക്കായി ചെറിയ പാലങ്ങളുടെ നിര്‍മാണം വരെ ഏറ്റെടുക്കാന്‍ തയാറാണെന്ന് ശ്രീധരന്‍ പറയുന്നതായും എന്നാല്‍ ഇതിനുള്ള സഹായം ഡിഎംആര്‍സി നല്‍കുന്നുണ്‌ടോയെന്ന ചോദ്യമാണ് ഒന്ന്. കേരള സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ ഇ. ശ്രീധരന് അധികാരം നല്‍കിയിട്ടുണ്‌ടോയെന്നും ഇ. ശ്രീധരന്‍ ഏറ്റെടുത്തിരിക്കുന്ന പദ്ധതികള്‍ക്ക് ഡിഎംആര്‍സി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ പിന്തുണയുണ്‌ടോയെന്നും ടോം ജോസ് കത്തില്‍ ചോദിക്കുന്നുണ്ട്.