അബുദബി-കൊച്ചി വിമാനം തിരുവനന്തപുരത്ത് ഇറക്കി: വിമാനം റാഞ്ചാന്‍ ശ്രമിച്ചതായി പൈലറ്റ്

single-img
19 October 2012

അബുദബിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നുണ്ടായ യാത്രക്കാരുടെ പ്രതിഷേധം അപ്രതീക്ഷിത സംഭവങ്ങളില്‍ കലാശിച്ചു. കൊച്ചിയിലെ മോശം കാലാവസ്ഥ മൂലമാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

കൊച്ചിയിലേക്കുള്ള യാത്ര വൈകിയതോടെ തന്റെ ഡ്യൂട്ടി സമയം അവസാനിച്ചെന്ന് പറഞ്ഞ് പൈലറ്റ് പോകാന്‍ ഒരുങ്ങി. വിമാനം കൊച്ചിയിലേക്ക് തിരികെ പോകില്ലെന്ന ആശങ്ക പരന്നതോടെ പൈലറ്റും ജീവനക്കാരും വിമാനത്തില്‍ നിന്നിറങ്ങുന്നത് യാത്രക്കാര്‍ തടയുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനും വാക്കേറ്റത്തിനുമൊടുവില്‍ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നതായി പൈലറ്റ് അപായസന്ദേശം നല്‍കിയതാണ് സ്ഥിതി വഷളാക്കിയത്. സന്ദേശം ലഭിച്ചതോടെ സുരക്ഷയൊരുക്കാനായി സിഐഎസ്എഫ് ഭടന്‍മാര്‍ വിമാനം വളഞ്ഞു. തുടര്‍ന്ന് എയര്‍പോര്‍ട്ട് അഥോറ്റിയും കേന്ദ്രവ്യോമയാന മന്ത്രാലയവും അടിയന്തരമായി സംഭവത്തില്‍ ഇടപെട്ടു.

നാല് പേര്‍ കോക്പിറ്റില്‍ കയറി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിയില്ലെന്നുമായിരുന്നു പൈലറ്റിന്റെ ഭാഷ്യം. ഇവര്‍ പിന്നിലായിരുന്നതിനാല്‍ മുഖം കണ്ടില്ലെന്നും പൈലറ്റ് പറഞ്ഞു. പൂര്‍ണമായി ആശങ്കകള്‍ ഒഴിഞ്ഞ ശേഷം മാത്രമേ വിമാനത്തിന് യാത്ര തുടരാന്‍ അനുമതി നല്‍കൂവെന്ന നിലപാടിലായിരുന്നു എയര്‍പോര്‍ട്ട് അഥോറിറ്റിയും. ഇതിനിടെ സര്‍ക്കാരും ഡിജിപിയും വിഷയത്തില്‍ ഇടപെട്ടു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ വിളിച്ച് ഡിജിപി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉച്ചയോടെ പുതിയ പൈലറ്റും ജീവനക്കാരും എത്തിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തുടരാനുള്ള ഒരുക്കം തുടങ്ങിയത്.

അബുദബിയില്‍ നിന്ന് ഇന്നലെ രാത്രി 9.55 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ സിഗ്നല്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ വിമാനം 12.55 നാണ് പുറപ്പെട്ടത്. കൊച്ചിയില്‍ രാവിലെ 5.55 ന് എത്തേണ്ട വിമാനം കാഴ്ചക്കുറവ് ഉണ്‌ടെന്ന കാരണത്താല്‍ ആറ് മണിയോടെ തിരുവനന്തപുരത്ത് ഇറക്കുകയായിരുന്നു. കൊച്ചിയിലേക്ക് ഉടന്‍ യാത്ര തുടരുമെന്ന് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ കോക്പിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍ യാത്ര വൈകിയതോടെയാണ് നാടകീയ സംഭവങ്ങളും ഉണ്ടായത്.

കോക്പിറ്റിലേക്ക് യാത്രക്കാര്‍ കയറിയെന്ന പൈലറ്റിന്റെ ആരോപണം തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോക്പിറ്റിന് നമ്പര്‍ ലോക്കാണുള്ളതെന്നും പൈലറ്റിന്റെ അനുവാദമില്ലാതെ മറ്റൊരാള്‍ക്കും ഇത് ഓപ്പറേറ്റ് ചെയ്യാനാകില്ലെന്നും വിദഗ്ധര്‍ പറയുന്നു.