പാക്കിസ്ഥാനില്‍ ഭീകര അമീബ മരണംവിതയ്ക്കുന്നു

single-img
10 October 2012

മനുഷ്യമസ്തിഷ്‌കത്തെ കാര്‍ന്നുതിന്നുന്ന പ്രത്യേകതരം അമീബ പാക്കിസ്ഥാനില്‍ മരണംവിതയ്ക്കുന്നു. ‘നെഗ്ലേറിയ ഫൊലേറി’ എന്ന പേരില്‍ അറിയപ്പെടുന്ന അമീബയാണ് പാക്കിസ്ഥാനില്‍ മരണമണി മുഴക്കുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഈ അമീബ ബാധിച്ച പത്തു പേര്‍ മരണമടഞ്ഞതായി സിന്ധ് ആരോഗ്യമന്ത്രി സഗീര്‍ അഹമ്മദ് അറിയിച്ചു. ജൂലൈ മുതലാണ് ഈ രോഗബാധ ശ്രദ്ധയില്‍പ്പെടുന്നത്. പൊതു കുളങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കിടയിലാണ് രോഗ ബാധ കണ്‌ടെത്തിയിരിക്കുന്നത്. ഈ മാസം ഇതിനോടകം നെഗ്ലേറിയ ഫൊലേറി എന്ന അമീബാ ബാധിച്ച് മൂന്നു പേരുടെ മരണം സ്ഥിരീകരിച്ചതായി മന്ത്രി വ്യക്തമാക്കി. ഈ രോഗം ബാധിച്ചാല്‍ മരണസാധ്യത 90 ശതമാനത്തില്‍ അധികമാണ്. മാലിന്യം കലര്‍ന്ന ജലത്തില്‍ മുഖം കഴുകുമ്പോഴോ കുളിക്കുമ്പോഴോ മൂക്കിലൂടെയാണ് അമീബ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇതേസമയം, രോഗബാധിതരില്‍ നിന്നു മറ്റൊരാളിലേയ്ക്കു അമീബ പകരില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.