രാപ്പകല്‍ സമരത്തിന് വിജയകരമായ അന്ത്യം

single-img
9 October 2012

കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിനുമുന്‍പില്‍ നടത്തിയിരുന്ന രാപ്പകല്‍ സമരത്തിന് വിജയകരമായ അന്ത്യം. സമരത്തിന് നേതൃത്വം നല്‍കിയ ഇടതുമുന്നണി നേതാക്കള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ വിജയംകണ്ടതിനെ തുടര്‍ന്നാണ് ഒരാഴ്ചയായി നടക്കുന്ന സമരം അവസാനിപ്പക്കാന്‍ തീരുമാനമായത്.

കുടുംബശ്രീയെ അവഗണിച്ച് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള ജനശ്രീ മിഷന് 14.8 കോടി രൂപയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയതിനെതിരെയായിരുന്നു കുടുംബശ്രീപ്രവര്‍ത്തകര്‍ സമരം നടത്തിയത്. ഇന്നലെ രാത്രി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തദ്ദേശസ്വയംഭരണ മന്ത്രി എം.കെ.മുനീര്‍ എന്നിവര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പൂര്‍ണമായി വിജയിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തിയത്.

ജനശ്രീക്ക് കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ പദ്ധതി ലഭിച്ചതിനെക്കുറിച്ച് ഇന്നലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടും എം.എ.ബേബിയും കേന്ദ്രകൃഷിമന്ത്രി ശരത് പവാറിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രാലയം നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കുകയായിരുന്നു. കൂടാതെ കുടുംബശ്രീക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പ അനുവദിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.