ശ്മശാനത്തിൽ നായയെ കുഴിച്ചിട്ടതിനു ഹർത്താൽ

single-img
5 October 2012

ഹിന്ദുക്കള്‍ ഉപയോഗിച്ചുവന്ന പൊതുശ്‌മശാനത്തില്‍ നായകളുടെ ജഡം കുഴിച്ചിട്ടതില്‍ പ്രതിഷേധിച്ച്‌ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ ഇന്ന് വയനാട്ടിൽ ഹർത്താൽ നടത്തുന്നു.അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നു നേതാക്കള്‍ അറിയിച്ചു.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബത്തേരി തഹസില്‍ദാര്‍ കെ.കെ. വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബി.ജെ.പിയും മറ്റു പോഷകസംഘടനകളും ബഹിഷ്‌കരിച്ചു. ബത്തേരി മണിച്ചിറയിലെ ശ്‌മശാനത്തില്‍ ആഴ്‌ചകള്‍ക്കു മുമ്പ്‌ നായ്‌ക്കളെ കുഴിച്ചിട്ടുവെന്ന വിവരം ഇന്നലെയാണു പുറത്തറിഞ്ഞത്‌. വര്‍ഷങ്ങളായി ഹിന്ദുക്കളാണ്‌ ഈ ശ്‌മശാനം ഉപയോഗിക്കുന്നത്‌. വള്ളി എന്ന സ്‌ത്രീയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്നലെ രാവിലെ ബന്ധുക്കള്‍ ശവകുടീരം വൃത്തിയാക്കാന്‍ എത്തിയിരുന്നു. ശവകുടീരം അലങ്കോലപ്പെട്ടു കിടക്കുന്നതു കണ്ട്‌ അന്വേഷിച്ചപ്പോഴാണു നായ്‌ക്കളെ കുഴിച്ചിട്ടതാണെന്ന വിവരം അറിഞ്ഞത്‌.

ബത്തേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. അയൂബിന്റെ വീടിന്റെ തൊട്ടുമുന്നിലാണ്‌ ഈ ശ്‌മശാനം.ബത്തേരി പഞ്ചായത്തിന്റെ പരിധിയിലാണു 1.84 ഏക്കര്‍ വരുന്ന ശ്‌മശാനഭൂമിയുള്ളത്‌.അതുകൊണ്ടുതന്നെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയാതെ നായ്‌ക്കളെ ശ്‌മശാനത്തില്‍ കുഴിച്ചിടില്ലെന്നാണു ഹിന്ദുഎക്യവേദി നേതാക്കള്‍ പറയുന്നത്‌. അലഞ്ഞുതിരിയുന്ന നായ്‌ക്കളെ പിടിക്കാന്‍ പഞ്ചായത്ത്‌ ക്വട്ടേഷന്‍ കൊടുത്തിരുന്നു. ഈ നായ്‌ക്കളെയാണു ശ്‌മശാനത്തില്‍ കുഴിച്ചിട്ടതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.