ബാലുശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടു മരണം
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി പാതയില്‍ ബാലുശ്ശേരിക്കടുത്ത് പനായിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് സഹോദരനും സഹോദരിയും മരിച്ചു. ബാലുശ്ശേരി കുറുമ്പൊയില്‍ കണ്ണാടിപൊയില്‍ കൂരിക്കുന്നുമ്മല്‍ മഠത്തില്‍പറമ്പില്‍ ഇബ്രാഹിം ഹാജിയുടെ മകന്‍ യൂസഫ് (45), ജ്യേഷ്ഠസഹോദരി ബാലുശ്ശേരി തുരുത്തിയാട് കോണോയില്‍ വീട്ടില്‍ ഫാത്തിമ (52) എന്നിവരാണ് മരിച്ചത്.യൂസഫിന്റെ ഭാര്യയ്‌ക്കു പരുക്കേറ്റു. ഇന്നലെ രാത്രിപത്തേമുക്കാലോടെയായിരുന്നു അപകടം.യൂസുഫിന്റെ കുടുംബം മുത്താമ്പിയിലെ മരണവീട് സന്ദര്‍ശിച്ച് തിരിച്ചുവരവെ പനായിമുക്കിലെ ബന്ധുവീട്ടില്‍ കയറി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 11 ഇസെഡ് 6125 നമ്പര്‍ മാരുതി കാറില്‍ അമിതവേഗത്തില്‍ വന്ന കെ.എല്‍ 9 എക്സ് 1455 നമ്പര്‍ ടാറ്റാ സുമോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍നിന്ന് പത്തടിയോളം താഴ്ചയുള്ള പറമ്പിലേക്ക് കാര്‍ തെറിച്ചുവീണു. യൂസുഫും ഫാത്തിമയും തല്‍ക്ഷണം മരിച്ചു. ഓടിയെത്തിയ സമീപവാസികളും ഇതുവഴി പോവുകയായിരുന്ന കാര്‍ യാത്രക്കാരും അപകടത്തില്‍പെട്ടവരെ ഉടന്‍ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ടാറ്റാ സുമോയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെ വാഹനത്തില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായി നാട്ടുകാര്‍ പറഞ്ഞു.