ആളില്ലാത്ത ലെവൽ ക്രോസ്സിൽ ട്രെയിൻ കാറിടിച്ച് 5 മരണം

single-img
23 September 2012

അരൂരിൽ ആളില്ലാത്ത ലെവൽ ക്രോസ്സിൽ ട്രെയിൻ കാറിലടിച്ച് അഞ്ചു പേർ മരിച്ചു.കാറിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്.ഇവരിൽ മൂന്നു പേർ പുരുഷന്മാരാണ്. രണ്ടു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. കാറുടമയായ സുമേഷ്, ചേർത്തല സ്വദേശി നെയ്ത്തു പുരയ്ക്കൽ വിൻസെന്റിന്റെ മകൻ നെൽഫിൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.തിരുനെൽ വേലിയിലേയ്ക്ക് പോകുകയായിരുന്ന ഹാപ്പ എക്സ്പ്രസ്സ് ആണ് കാറിൽ ഇടിച്ചത്. മൂന്നു വയസ്സുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു.

വൈകുന്നേരം മൂന്നരയോടെ കളത്തിൽ ക്ഷേത്രത്തിനടുത്തുള്ള ലെവൽ ക്രോസ്സ് മുറിച്ചു കടക്കാൻ ശ്രമിക്കവേയാണ് കെ.എൽ.സി.276 നമ്പറുള്ള ഇൻഡിക കാർ അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറുമായി മീറ്ററുകളോളം ഓടിയ ശേഷമാണ് ട്രെയിൻ നിന്നത്. നാട്ടുകാരും ട്രെയിനിലെ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ ലേക് ഷോർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടതോടെ ആ വഴിയുള്ള ട്രെയിൻ ഗതാഗതം വൈകും.