അച്ഛനും മകനും തെരുവിലേക്ക്

single-img
14 September 2012

ആര്‍. ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറും തമ്മിലുളള തര്‍ക്കം തെരുവുപോരിലേക്ക്. ഗണേഷിന് സ്വീകരണം നല്‍കാന്‍ അനുയായികള്‍ വിളിച്ചുചേര്‍ത്ത യോഗസ്ഥലത്തേക്ക് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പ്രകടനം നടത്തിയെത്തിയതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. യോഗസ്ഥലത്തേക്ക് തള്ളിക്കയറാനുള്ള തീരുമാനത്തിലായിരുന്നു ബാലകൃഷ്ണപിള്ളയും സംഘവും. ഇവരെ തടയുമെന്ന് പ്രഖ്യാപിച്ച് ഗണേഷ് അനുകൂലികളും നിലയുറപ്പിച്ചു. താനും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചിരുന്നു. പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പിളള പോലീസ് വലയം ഭേദിച്ച് യോഗസ്ഥലത്തേക്ക് എത്തുകയായിരുന്നു. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് ശക്തമായ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ഗണേഷ്‌കുമാര്‍ യോഗത്തിനെത്തിയില്ല. ഇതേത്തുടര്‍ന്ന് പിള്ളയും അനുയായികളും യോഗസ്ഥലത്തുനിന്ന് തിരിച്ചുപോയി. ഇതിനുപിന്നാലെ മന്ത്രി ഗണേഷ്‌കുമാര്‍, ടെലിഫോണിലൂടെ യോഗത്തില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘര്‍ഷാവസ്ഥ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ യോഗത്തിനെത്താതിരുന്നതെന്നു ഗണേഷ്‌കുമാര്‍ പറഞ്ഞു.