പ്രവാചക നിന്ദ; ലിബിയയില്‍ യുഎസ് സ്ഥാനപതി വധിക്കപ്പെട്ടു

single-img
13 September 2012

പ്രവാചകനെ നിന്ദിക്കുന്ന ഫിലിമിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടം ചൊവ്വാഴ്ച രാത്രി കിഴക്കന്‍ ലിബിയയിലെ ബംഗാസിയിലുള്ള യുഎസ് കോണ്‍സുലേറ്റ് ആക്രമിച്ച് യുഎസ് സ്ഥാനപതിയടക്കം നാല് അമേരിക്കക്കാരെ വധിച്ചു. അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ്, അദ്ദേഹത്തിന്റെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റിലെതന്നെ മറ്റൊരുജീവനക്കാരന്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഈജിപ്തിലെ യുഎസ് എംബസിയുടെ നേര്‍ക്കും ആക്രമണമുണ്ടായി. മൂവായിരത്തോളം പേര്‍ കയ്‌റോയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനക്കാര്‍ എംബസിയിലെ യുഎസ് പതാക കീറി.

സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പതിനൊന്നാം വാര്‍ഷികത്തിലാണ് കയ്‌റോയിലും ബംഗാസിയിലും ആക്രമണങ്ങള്‍ നടന്നത്. യുഎസിലെ കലിഫോര്‍ണിയ സ്വദേശിയായ സാം ബാസില്‍ നിര്‍മിച്ച ഇസ്‌ലാമിക വിരുദ്ധ ഫിലിമിന്റെ ട്രെയ്‌ലര്‍ യുട്യൂബില്‍ വന്നതിനെത്തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് ആശങ്കയുണ്ട്. അഫ്ഗാനിസ്ഥാനില്‍ കര്‍സായി സര്‍ക്കാര്‍ താത്കാലികമായി യുട്യൂബിനു നിരോധനം ഏര്‍പ്പെടുത്തി.