ഇരുട്ടടി ഡീസല്‍ വഴി; ഗ്യാസ് സിലണ്ടര്‍ വര്‍ഷത്തില്‍ ആറെണ്ണം മാത്രം

single-img
13 September 2012

വാഹന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഡീസല്‍വില നികുതിയടക്കം ലിറ്ററിന് അഞ്ചര രൂപ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷ ത്തില്‍ ആറായി പരിമിതപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഈ തീരുമാനം. വിലവര്‍ധന ഇന്നലെ അര്‍ധരാത്രി പ്രാബല്യത്തിലായി. സബ്‌സിഡി നിരക്കില്‍ ബ്രാന്‍ഡഡ് ഡീസല്‍ വില്‍ക്കുന്നതു നിര്‍ത്തലാക്കിക്കൊണ്ടാണ് പുതിയ തീരുമാനം. ഇനിമുതല്‍ വിപണിവിലയില്‍ മാത്രമേ ബ്രാന്‍ഡഡ് ഡീസല്‍ ലഭ്യമാകൂ. പുതിയ നിരക്കനുസരിച്ചു സാധാരണ ഡീസലിനു നികുതികള്‍ അടക്കം അഞ്ചര രൂപ വര്‍ധിക്കുമെന്നാണു കണക്കാക്കുന്നത്. ഡീസല്‍ വില മൂന്നു രൂപയോളം വര്‍ദ്ധിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് അതിന്റെ ഇരട്ടിയോളം വര്‍ദ്ധനയുണ്ടായിരിക്കുന്നത്.

വര്‍ഷം ആറെണ്ണം ലഭിച്ചു കഴിഞ്ഞാല്‍ ഏഴാമത്തെ സിലിണ്ടറിനു സബ്‌സിഡി ഇല്ലാതെ വിപണി വില (ഇപ്പോള്‍ 800 രൂപയിലധികം, ക്രൂഡ് ഓയില്‍ വില മാറുന്നതനുസരിച്ച് മാറ്റമുണ്ടാകും) നല്‍കേണ്ടിവരും. വരുന്ന മാര്‍ച്ച് 31 വരെ മൂന്നു സിലിണ്ടറുകള്‍ മാത്രമേ ലഭിക്കൂ എന്നാ ണു സൂചന. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ശിപാര്‍ശ അംഗീകരിച്ചാണ് ഈ തീരുമാനം.