പിള്ളയുടെ തട്ടകത്തില്‍ ഗണേഷിന്റെ കണ്‍വന്‍ഷന്‍

single-img
9 September 2012

ഈ വരുന്ന 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊട്ടാരക്കര കോട്ടപ്പുറം നിസാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഗണേഷ് അനുകൂലികള്‍. കേരള കോണ്‍ഗ്രസ് കൂട്ടായ്മയും മന്ത്രി ഗണേഷ്‌കുമാറിന് സ്വീകരണവും എന്ന പേരില്‍ നടത്തുന്ന പരിപാടി കൊട്ടാരക്കരയില്‍ തന്നെ നടത്തുന്നത് ഔദ്യോഗികപക്ഷത്തെ ചൊടിപ്പിക്കാന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പത്തനാപുരം, കൊല്ലം, പുനലൂര്‍ എന്നിവ ഒഴിവാക്കിയാണ് സ്വീകരണത്തിന് കൊട്ടാരക്കര തെരഞ്ഞെടുത്തത്. കണ്‍വന്‍ഷനില്‍ പതിനായിരത്തിലധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പതിനായിരത്തോളം പോസ്റ്ററുകള്‍ പ്രചാരണത്തിനായി അച്ചടിച്ച് കഴിഞ്ഞു. ആയിരത്തോളം ഫ്‌ളക്‌സ് ബോര്‍ഡുകളും പണിപ്പുരയിലാണ്. തിരുവനന്തപുരത്തെ പാര്‍ടി ആസ്ഥാനത്ത് ഓണത്തിന് മുമ്പ് ഗണേഷ്‌കുമാര്‍ പിതാവ് ബാലകൃഷ്ണപിള്ളയെ പോയി കണ്ടിരുന്നു. ഇതോടെ മഞ്ഞുരുകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ വിപരീത ഫലമാണ് ഉണ്ടായിട്ടുള്ളത്. യുഡിഎഫിനെയും മുന്നണിയിലെ ചില നേതാക്കളെയും ശക്തമായി വിമര്‍ശിച്ചായിരുന്നു പിള്ളയുടെ പ്രതികരണം. ഇതില്‍ അസംതൃപ്തനായാണ് ഗണേഷ് മടങ്ങിയത്. കൊല്ലത്ത് എന്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങിലും ചില യുഡിഎഫ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ പിള്ള പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയുണ്ടായി. തിരുവോണത്തിന് പിള്ളയുടെ വാളകത്തെ കുടുംബവീട്ടില്‍ വീട്ടുകാര്‍ ഒത്തുകൂടി ഓണസദ്യ ഉണ്ണുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇക്കുറി ഗണേഷും കുടുംബവും ഈ ചടങ്ങിന് എത്തിയിരുന്നില്ല.