എമേർജിംഗ് കേരള : സർക്കാർ ഭൂമി കൈമാറ്റത്തിനെതിരെ ഹരിതവാദികൾ

single-img
2 September 2012

എമേർജിംഗ് കേരളയുടെ മറവിൽ അനധികൃത ഭൂമി കൈമാറൽ അനുവദിക്കില്ലെന്ന് യുഡിഎഫിലെ ഹരിതവാദികളായ എംഎൽഎമാർ. തങ്ങളുടെ ഹരിത രാഷ്ട്രീയ ചിന്തകൾ ചർച്ച ചെയ്യാനായി ആരംഭിച്ച ഗ്രീൻ തോട്ട്സ് എന്ന ബ്ലോഗിലാണ് അവർ നിയമങ്ങളെ കാറ്റിൽ‌പ്പറത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ വ്യക്തികൾക്ക് വനഭൂമിയോ റവന്യൂ ഭൂമിയോ കൈമാറാൻ അനുവദിക്കില്ലെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാറിനു തന്നെയാണെന്ന് ഉറപ്പു വരുത്തുന്ന കർശന വ്യവസ്ഥകളോടുള്ള പാട്ടക്കരാറുകൾ വേണമെന്നും അവർ ആവശ്യപ്പെടുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു മുൻപ് കേരളത്തിലെ ജനസാന്ദ്രത ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണെമെന്നും ബ്ലോഗിൽ പറയുന്നുണ്ട്. വ്യാവസായികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് എമേർജിംഗ് കേരളയെ പിന്തുണുണയ്ക്കുന്നതിനൊപ്പം സ്വീകരിക്കേണ്ട മുൻകരുതലുകളാണ് എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം പദ്ധതികളുമായി മുന്നോട്ട് പോകേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു.

കോൺഗ്രസ് എംഎൽഎമാരായ ടി.എൻ പ്രതാപൻ,വി.ഡി.സതീശൻ,വി.ടി.ബൽറാം,ഹൈബി ഈഡൻ, സോഷ്യലിസ്റ്റ് ജനത എംഎൽഎ എം.വി.ശ്രേയാംസ് കുമാർ, മുസ്ലീം ലീഗ് എംഎൽഎ കെ.എം ഷാജി എന്നിവരാണ് ഗ്രീസ് തോട്ട്സിന് സാരഥ്യം വഹിക്കുന്നത്.