കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും ഐസ്‌ക്രീം കേസിലെ സാക്ഷികള്‍

single-img
27 August 2012

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ബിന്ദു, റോസ്‌ലില്‍ എന്നീ സാക്ഷികളുടെ ആരോപണം വീണ്ടും. എഡിജിപി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തില്‍ നടന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതായുള്ള പരാതിയിലെ അന്വേഷണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടു വീണ്ടും അട്ടിമറിച്ചെന്നാണു ബിന്ദുവും റോസ്‌ലിനും ഇപ്പോള്‍ ആരോപിക്കുന്നത്. പ്രത്യേകാന്വേഷണ സംഘത്തിനു മുന്നില്‍ അനുകൂല മൊഴി നല്കിയാല്‍ വീടു വച്ചുനല്കാമെന്നും പണം നല്കാമെന്നും വാഗ്ദാനം ചെയ്തുവെന്നും എന്നാല്‍, അതു പാലിച്ചില്ലെന്നും ദൃശ്യമാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞു.

മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവ് റൗഫ് പറഞ്ഞതനുസരിച്ചാണു കുഞ്ഞാലിക്കുട്ടിക്ക് എതിരായി മൊഴിമാറ്റിയതെന്ന് അന്വേഷണ സംഘത്തോടു പറഞ്ഞാല്‍ പണവും വീടും തരാമെന്നായിരുന്നു വാഗ്ദാനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെറീഫാണ് തങ്ങളെ സമീപിച്ചതെന്നും ബിന്ദുവും റോസ്‌ലിനും പറഞ്ഞു. ഇതനുസരിച്ചു കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്കി. വാഗ്ദാനം ലംഘിച്ചതിനാല്‍ കോഴിക്കോട്ടെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ മുഖേന മന്ത്രിയുമായി ബന്ധപ്പെട്ടു. ഈ മാസം ആദ്യം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചിരുന്നില്ല. പിന്നീടു മന്ത്രിയുടെ വീട്ടില്‍ പോയപ്പോള്‍ മുമ്പു കണ്ട ഭാവം മന്ത്രി നടിച്ചില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പണം നേരിട്ടു നല്കാനാവില്ലെന്നും ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന വീടു നിര്‍മിച്ചു നല്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും വെളിപ്പെടുത്തലില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി വാഗ്ദാനം പാലിക്കാത്തതിനാല്‍ അദ്ദേഹം ഉള്ളതെവിടെയാണോ അവിടെയെല്ലാം പോയി തടസമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. മുഴുവന്‍ ഇരകളുടെയും പേരു പുറത്തുവന്നിട്ടില്ല. പത്തു പെണ്‍കുട്ടികളുടെ പേരുകള്‍ കൂടി ഇനിയും പുറത്തുവരാനുണെ്ടന്നും ഇവര്‍ പറയുന്നു. 2011 ജനുവരി 28നു കെ.എ റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഐസ്‌ക്രീം കേസ് അട്ടിമറി അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു പ്രത്യേകാന്വേഷണ സംഘം കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.