നസീറിന് ജയിലിൽ നോമ്പ് സൽക്കാരം :രണ്ടു പേർ പിടിയിൽ

single-img
24 August 2012

മതസംഘടനയുട വ്യാജ ലെറ്റർപാഡുപയോഗിച്ച് കശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ പ്രതികള്‍ ഉള്‍പ്പെടുന്ന തീവ്രവാദ കേസുകളിലെ പ്രതികള്‍ക്ക് എറണാകുളം സബ് ജയിലില്‍ നോമ്പ് സൽക്കാരം നടത്തിയ രണ്ടു പേർ പിടിയിൽ. ഇടപ്പള്ളി എളമക്കര ലൂര്‍ദ് മാതാ റോഡില്‍ കുഴിപ്പള്ളില്‍ നൗഷാദ് (44), കൂനംതൈ പുതുപ്പള്ളിപ്രം ചങ്ങമ്പുഴ നഗറില്‍ വെള്ളര്‍കോടത്ത് പക്കായി (56) എന്നിവരാണ് പിടിയിലായത്.അംഗീകരിക്കപ്പെട്ട സംഘടനകള്‍ക്ക് സബ് ജയിലില്‍ കഴിയുന്ന തീവ്രവാദ കേസിലെ പ്രതികള്‍ക്ക് നോമ്പിനുള്ള ചെലവുകള്‍ വഹിക്കാമെന്നുള്ള എന്‍.ഐ.എ കോടതിയുടെ ഉത്തരവിന്റെ മറപിടിച്ചാണ് പ്രതികള്‍ വ്യാജരേഖ ഉണ്ടാക്കി ജയിലില്‍ സല്‍കാരം നടത്തിയത്. തൃശൂര്‍ മുള്ളൂക്കര പാറപ്പുറത്തെ ദാറു റഹ്മ എന്ന മതപഠനകേന്ദ്രത്തിന്റെ പേരിലാണ് വ്യാജകത്ത് തയ്യാറാക്കിയത്. ഇത് പ്രതികള്‍ ജയില്‍ സൂപ്രണ്ടിന് നല്‍കുകയായിരുന്നു. കത്ത് വ്യാജമാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതിനെത്തുടർന്ന് ജയില്‍ അധികൃതര്‍ സല്‍ക്കാരം നിര്‍ത്തിവെച്ചിരുന്നു.സംഭാവന പിരിച്ചെടുക്കാന്‍ ഒന്നാം പ്രതി നൗഷാദിന് തൃശൂരുള്ള മതപഠന സ്ഥാപനമായ ദാറുറഹ്മ ഏല്‍പ്പിച്ചിരുന്ന ലെറ്റര്‍ ഹെഡും സീലും സമാനമായ രീതിയില്‍ എറണാകുളം കോമ്പാറയിലുള്ള ഡി.ടി.പി സെന്ററില്‍ വെച്ച് കൃത്രിമമായി ഉണ്ടാക്കി ജയില്‍ അധികൃതരെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.