നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ നടത്തിപ്പിനെതിരെ ജി.സുധാകരന്‍

single-img
22 August 2012

ഈ വര്‍ഷത്തെ നെഹ്‌റുട്രോഫി സംഘാടകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍ എ. ജലോത്സവത്തിന്റെ 25 വര്‍ഷത്തെ കണക്കുകള്‍ വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തവണത്തെ നെഹ്‌റുട്രോഫി ജലോത്‌സവത്തിലുണ്ടായ അപാകതകള്‍ ചൂണ്ടിക്കാട്ടിയും അപാകതകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടും സുദീര്‍ഘമായ കത്തും എംഎല്‍എ മുഖ്യമന്ത്രിയ്ക്ക് നല്‍കിയിട്ടുണ്ട്്.

ഇത്തവണ നെഹ്‌റുട്രോഫി സംഘാടക സമിതി ജനപ്രതിനിധിയായ തന്നെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴ എംഎല്‍എയായ തനിക്ക് ഒരു ക്ഷണക്കത്ത് തന്നത് തലേന്ന് ഉച്ചക്കാണ്്. അതും ഒരു കീഴ് ജീവനക്കാരന്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത്്എത്തിക്കുകയായിരുന്നു. ഇതോടൊപ്പം പരിപാടിയുടെ വിശദമായ നോട്ടീസും പ്രത്യേക വിഐപി നോട്ടീസും തന്നില്ല. ജലോത്സവ ദിനത്തില്‍ ആര്‍ഡിഒയോട് 11.30 ന് ആവശ്യപ്പെട്ടിട്ടും പ്രോഗ്രാം തന്നില്ല. ആലപ്പുഴ നഗരത്തിലെ എംഎല്‍എ എന്ന നിലയില്‍ അവിടുത്തെ ചടങ്ങുകളില്‍ എന്താണ് പങ്ക് എന്നറിയിച്ചിരുന്നില്ല. നെഹ്‌റു പ്രതിമ സ്ഥാപിക്കുന്ന ചടങ്ങിലെ പരിപാടിയും അറിയിച്ചില്ല. ചില രാഷ്ട്രീയ നേതാക്കള്‍ക്ക് കണക്കില്ലാത്ത നെഹൃട്രോഫി പാസുകള്‍ നല്‍കുകയും അത്് അനുയായികള്‍ വാങ്ങി കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്തു.

ആദ്യം മുതലേ കളക്ടറേറ്റിലെ കളക്ടര്‍ ഒഴികെയുള്ള ചില ഉദ്യോഗസ്ഥരുടെ തന്‍പ്രമാണിത്വവും സാമ്പത്തിക ദുര്‍വിനിയോഗവും ഉണ്ടായിട്ടുണ്ട്. അതിന് റവന്യൂ ഉദ്യോഗസ്ഥര്‍ സമാധാനം പറയണം. മത്‌സരം താമസിച്ചത് അക്ഷന്ത്യവ്യമായ സംഘാടക പിഴവാണ്. 5.10 ന് തീരേണ്ടത് 7.05 നാണ് തീര്‍ന്നത്. ചട്ടലംഘനം ഉണ്ടായതായുള്ള ആനാരിചുണ്ടന്റെ പരാതി അന്വേഷിക്കണം. ലോക്‌സഭാ സ്പീക്കര്‍ തലേന്ന് വന്ന് മാരാരി ബീച്ചില്‍ താമസിച്ചിട്ടും ഉദ്ഘാടനസമയം കഴിഞ്ഞാണ് അവരെ എത്തിച്ചത്.

ഇത് ഗുരുതര വീഴ്ചയാണ്. നെഹ്‌റുട്രോഫികൊണ്ട് ആലപ്പുഴയ്ക്ക് സ്ഥായിയായ യാതൊരു വികസനവും ഉണ്ടായിട്ടില്ല. നെഹ്‌റുട്രോഫി സ്ഥലംപോലും വികസിപ്പിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കൊണ്ട് നെഹ്‌റുട്രോഫി വള്ളംകളി നടത്തണം.

വള്ളങ്ങള്‍, കളിക്കാര്‍, തുഴച്ചില്‍ക്കാര്‍ എന്നിവര്‍ക്ക് തുടര്‍ച്ചയായ പ്രതിഫലമാണ് നല്‍കേണ്ടത്. ചിലവ്കഴിഞ്ഞ് വരുമാനത്തിന്റെ 80 ശതമാനം വള്ളങ്ങള്‍ക്കും കളിക്കാര്‍ക്കും നല്‍കണം. 20 ശതമാനം സ്ഥിരം നെഹ്‌റുട്രോഫി ബോട്ട്‌റേസ് ഫണ്ടിലേക്ക് ഇടാം. എന്നാല്‍ പണം ഫണ്ടിലിടുന്നത് ഒരു നല്ല കാര്യത്തിനും വിനിയോഗിക്കുന്നില്ല. ഇതെല്ലാം പൊളിച്ചെഴുതണമെന്നും അദേഹം പറഞ്ഞു.