സതീശന്റെയും പ്രതാപന്റെയും നിലപാട് ഗ്രീഡി പൊളിറ്റിക്‌സെന്ന് ഹസന്‍

single-img
20 August 2012

കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശനെയും ടി.എന്‍ പ്രതാപനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വക്താവ് കൂടിയായ എം.എം. ഹസന്‍ രംഗത്തെത്തി. ഒരു സ്വകാര്യവാര്‍ത്താചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ഹസന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ വിമര്‍ശനം അഴിച്ചുവിട്ടത്. നെല്ലിയാമ്പതി സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. ഏക്കര്‍ കണക്കിന് ഭൂമി ടാറ്റയും മറ്റും വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരന്നു. അന്ന് ഇവര്‍ എവിടെയായിരുന്നു. ഗ്രീന്‍ പൊളിറ്റിക്‌സിനോട് കോണ്‍ഗ്രസില്‍ എതിര്‍പ്പില്ല. എന്നാല്‍ സതീശന്റേതും പ്രതാപന്റേതും ഗ്രീന്‍ പൊളിറ്റിക്‌സ് അല്ല ‘ഗ്രീഡി പൊളിറ്റിക്‌സ്’ (അത്യാഗ്രഹ രാഷ്ട്രീയം) ആണെന്നും ഹസന്‍ വിമര്‍ശിച്ചു. നെല്ലിയാമ്പതിയില്‍ പോയ സതീശനും കൂട്ടരും മറ്റ് കൈയേറ്റങ്ങള്‍ കാണാത്തതെന്തെന്നും ഹസന്‍ ചോദിച്ചു. ധീവര സമുദായ അംഗമെന്ന് പറഞ്ഞതില്‍ പ്രതാപന്‍ ചൊടിക്കേണ്ട കാര്യമില്ലെന്നും ധീവര സമുദായ അംഗമെന്ന നിലയില്‍ മന്ത്രിയാക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ പ്രതാപന്‍ ചൊടിച്ചില്ലല്ലോയെന്നും ഹസന്‍ ചോദിച്ചു.