നോര്‍ത്തിന്ത്യക്കാരെ ആക്രമിക്കുമെന്നു വ്യാജപ്രചാരണം: ബാംഗളൂരില്‍നിന്ന് കൂട്ടപ്പലായനം

single-img
16 August 2012

വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ളവരെ ബാംഗളൂരില്‍ ആക്രമിക്കുമെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്ന് ഏഴായിര ത്തോളം പേര്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി രാത്രി ബാംഗളൂര്‍ വിട്ടു. ആസാം കലാപത്തിന്റെ യും തുടര്‍ന്ന് മുംബൈയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു എസ്എംഎസ് വഴിയുള്ള നുണ പ്രചാരണം. ആക്രമണങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടെന്നും എസ്എംഎസ് പ്രചാരണമുണ്ടായി. വടക്കുകിഴക്കന്‍ മേഖലയിലേക്ക് 7000 ജനറല്‍ കാറ്റഗറി ടിക്കറ്റുകളാണു വിറ്റുപോയത്. ജനത്തിരക്കുമൂലം ബാംഗളൂര്‍-ഗോഹട്ടി എക്‌സ്പ്രസില്‍ നാലു ബോഗികള്‍കൂടി ചേര്‍ത്തു. കൂടാതെ രണ്ടു സ്‌പെഷല്‍ ട്രെയിനുകളും സതേണ്‍ റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ, മൈസൂര്‍ നഗരത്തില്‍ ടിബറ്റന്‍ അഭയാര്‍ഥിയായ ടെന്‍സെന്‍ ദര്‍ഗ്യാല്‍ ആക്രമിക്കപ്പെട്ടതുംപ്രശ്‌നം കൂടുതല്‍ വഷളാക്കി. ക്രമസമാധാനനില സാധാരണ ഗതിയിലാക്കാന്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ആര്‍. ആശോക് ബുധനാഴ്ച രാത്രി സിറ്റി റെയില്‍വേ സ്റ്റേഷനില്‍ പാഞ്ഞെത്തി. ജനങ്ങള്‍ ബാംഗളൂര്‍ വിട്ടുപോകരുതെന്നും സര്‍ക്കാര്‍ എല്ലാ സുരക്ഷയും ഏര്‍പ്പെടുത്തുമെന്നും അശോക് അറിയിച്ചു. വ്യാജ പ്രചാരണം അഴിച്ചുവിട്ടവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഡല്‍ഹിയില്‍ പറഞ്ഞു. ജനങ്ങള്‍ സംഭീതരായ സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി ഉത്കണ്ഠ രേഖപ്പെടുത്തി.