നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനം

single-img
13 August 2012

യു.ഡി.എഫിനുള്ളിലും കോണ്‍ഗ്രസിനുള്ളിലും പുകഞ്ഞുകൊണ്ടിരിക്കുന്ന നെല്ലിയാമ്പതി പ്രശ്‌നത്തില്‍ പരസ്യപ്രസ്താവനകള്‍ക്കു യുഡിഎഫ് വിലക്ക്. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമതീരുമാനമെടുക്കാനും ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗ ത്തില്‍ തീരുമാനമായി.
രാജിവച്ച ഉപസമിതി കണ്‍വീനര്‍ക്കു പകരം അഡ്വ. എ.എന്‍. രാജന്‍ ബാബുവിനെ കണ്‍വീനറായി നിയമിക്കാന്‍ തീരുമാനിച്ചതായി യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 24 ന് ഉപസമിതി തിരുവനന്തപുരത്തു ചേരും. വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ഉപസമിതിയില്‍ അഭിപ്രായം പറയാം. യുഡിഎഫില്‍ അഭിപ്രായം അറിയിക്കണമെന്നുണെ്ടങ്കില്‍ എഴുതി നല്‍കാം.

യുവ എംഎല്‍എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം അനുചിതമായിപ്പോയി. യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് വരുന്നതുവരെ അവര്‍ക്കു കാത്തിരിക്കാമായിരുന്നു. എന്നാല്‍ അവരുടെ സന്ദര്‍ശനം യുഡിഎഫിനെ മോശമാക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നു വിചാരിക്കുന്നില്ല. അവര്‍ക്കും 24 നു ചേരുന്ന ഉപസമിതിയിലോ യുഡിഎഫിലോ അഭിപ്രായം അറിയിക്കാവുന്നതാണ്. നെല്ലിയാമ്പതി പ്രശ്‌നവുമായി ബന്ധപ്പെട്ടു പി.സി. ജോര്‍ജിന്റെ നടപടി ശരിയായില്ല. ഗവണ്‍മെന്റ് ചീഫ് വിപ്പ് എംഎല്‍എമാരെ കൂട്ടിയിണക്കി ക്കൊണ്ടുപോകേണ്ടയാളാണ്. നെല്ലിയാമ്പതി കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നു തങ്കച്ചന്‍ ചൂണ്ടിക്കാട്ടി. പാട്ടക്കാലാവധി ഉടന്‍ തീരുന്ന പ്രശ്‌നമില്ല. പാട്ടക്കരാര്‍ ലംഘനം സംബന്ധിച്ച കേസുകള്‍ സ്റ്റേയിലുമാണ്. എങ്കിലും ഒരു മാസം കൊണ്ടു റിപ്പോര്‍ട്ട് തയാറാക്കിയശേഷം യുഡിഎഫ് നേതൃയോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ നിലപാടു കൈക്കൊള്ളാനാണു തീരുമാനം.