ബാബാ രാംദേവും സംഘവും അറസ്റ്റില്‍

single-img
13 August 2012

പോലീസിന്റെ വിലക്ക് ലംഘിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ യോഗ ഗുരു ബാബാ രാംദേവും സംഘവും അറസ്റ്റില്‍. കള്ളപ്പണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാംലീല മൈതാനത്ത് ഏതാനും ദിവസങ്ങളായി നടത്തുന്ന നിരാഹാര സമരം സര്‍ക്കാര്‍ പാടേ അവഗണിച്ചതിനെത്തുടര്‍ന്നാണ് അനുമതി തേടാതെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ രാംദേവും അനുയായികളും തെരുവിലേക്കിറങ്ങിയത്. വഴിയില്‍ വച്ച് രാംദേവിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അനുയായികള്‍ തെരുവ് കൈയടക്കിയതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ ഉച്ചമുതല്‍ ഡല്‍ഹിയില്‍ അരങ്ങേറിയത്. രാംദേവിന്റെ അഴിമതി വിരുദ്ധ സമരത്തിനു പിന്തുണ അറിയിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയും എന്‍ഡിഎ നേതാക്കളും രാംലീലയില്‍ എത്തിയതിനു പിന്നാലെയാണ് പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തുമെന്നു പ്രഖ്യാപിച്ച് രാംദേവും സംഘവും തെരുവിലേക്കിറങ്ങിയത്. ആയിരക്കണക്കിനു അനുയായികളുമായി തെരുവു കൈയടക്കിയ രാംദേവിനെ അരകിലോമീറ്റര്‍ പിന്നിട്ട് രഞ്ജിത് സിംഗ് ഫ്‌ളൈഓവറിന് സമീപം എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്നു രാംദേവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.