അഡ്വാനിയുടെ പരാമര്‍ശം: പാര്‍ലമെന്റില്‍ പ്രതിഷേധം

single-img
8 August 2012

കേന്ദ്രത്തിലെ രണ്ടാം യുപിഎ സര്‍ക്കാര്‍ അവിഹിത സന്തതിയാണെന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ പരാമര്‍ശത്തിനെതിരേ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അണപൊട്ടിയ പ്രതിഷേധം. സാധാരണ ഗതിയില്‍ ബഹളങ്ങളില്‍ ഇടപെടാത്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആദ്യമേ തന്നെ എഴുന്നേറ്റ് പ്രതിഷേധം വ്യക്തമാക്കിയതിനുപിന്നാലെ, പ്രതിഷേധം ശക്തമാക്കാന്‍ എംപിമാര്‍ക്ക് ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കുകയും ചെയ്തു.

അഡ്വാനിയുടെ പരാമര്‍ശം ലജ്ജാവഹവും നിര്‍ഭാഗ്യകരവുമാണെന്നു പ്രധാനമന്ത്രിയും കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പ്രതിഷേധം കടുത്തതോടെ അഡ്വാനിയോടു പ്രസ്താവന പിന്‍വലിക്കാ ന്‍ സ്പീക്കര്‍ മീരാ കുമാര്‍ ആവശ്യപ്പെട്ടു. ബഹളത്തിനൊടുവില്‍ പരാമര്‍ശം പിന്‍വലിച്ചെന്നു വ്യക്തമാക്കിയ അഡ്വാനി, താന്‍ ഉദ്ദേശിച്ചതു 2008 ലെ വിശ്വാസ വോട്ടെടുപ്പായിരുന്നെന്നും ന്യായീകരിച്ചു. എന്നാല്‍, അഡ്വാനി മുതിര്‍ന്ന നേതാവാണെന്നും പറയുന്നതെന്തെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണെ്ടന്നും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ആസാമിലെ കലാപവുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയം അവതരിപ്പിച്ചു പ്രസംഗിക്കുന്നതിനിടെയാണ് അഡ്വാനി യുപിഎ സര്‍ക്കാരിനെതിരേ കടുത്ത പരാമര്‍ശം ഉന്നയിക്കുന്നത്. ആദ്യ യുപിഎ സര്‍ക്കാര്‍ നിയമപരമായിരുന്നെങ്കിലും രണ്ടാം യുപിഎ സര്‍ക്കാര്‍ അങ്ങനെയാണെന്നു തോന്നുന്നില്ലെന്നാണ് അഡ്വാനി പറഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാര്‍ പണമെറിഞ്ഞുണ്ടായ അവിഹിത സന്തതിയാണെന്നും അഡ്വാനി കൂട്ടിച്ചേര്‍ത്തു.