സിപിഎമ്മിന്റെ ഒറ്റപ്പെടല്‍ ഉപയോഗപ്പെടുത്തി മാത്രം മുന്നോട്ടുപോകാന്‍ ആകില്ല; സുധീരന്‍

single-img
6 August 2012

സിപിഎം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതു മാത്രം ഉപയോഗപ്പെടുത്തി മുന്നോട്ടുപോകാന്‍ ആകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ച് താനുള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്താത്ത സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് സുധീരന്റെ രൂക്ഷവിമര്‍ളനം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചാണ് സുധീരന്‍ കെപിസിസി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്.

ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ട സഹപ്രവര്‍ത്തകര്‍ കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. പുനസംഘടനയ്ക്ക് മുന്‍പ് എല്ലാവരുമായും ചര്‍ച്ച നടത്താത്തത് അത്ഭുതകരമാണ്. ജനങ്ങള്‍ അറിയട്ടെന്നു കരുതിയാണ് ഇക്കാര്യം പറയുന്നതെന്നും അല്ലെങ്കില്‍ എല്ലാവരും അറിഞ്ഞുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് ജനങ്ങള്‍ വിചാരിക്കുമെന്നും സുധീരന്‍ പറഞ്ഞു. ചര്‍ച്ച നടത്തിയില്ലെങ്കില്‍ പുനസംഘടനയുടെ ഗുണമായാലും ദോഷമായാലും അതിന്റെ പങ്കുവേണ്‌ടെന്നും സുധീരന്‍ പറഞ്ഞു. സംസാരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അതു തുറന്നുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ മുതല്‍ താന്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം അതാതു കാലത്ത് വരുന്ന ഭരണാധികാരികള്‍ക്ക് മംഗളപത്രരചന നടത്തുക മാത്രമല്ല ഒരു പൊതുപ്രവര്‍ത്തകന്റെ കടമയെന്നും തുറന്നടിച്ചു. പുനസംഘടന ഗ്രൂപ്പടിസ്ഥാനത്തിലുള്ള പങ്കുവെയ്പ് മാത്രമായാല്‍ അത് പാഴ്‌വേലയാകും, ഉദ്ദേശിക്കുന്ന ഫലമുണ്ടാകില്ല. കോണ്‍ഗ്രസിന് അത് ദോഷമാകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന് താന്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.