ഉത്തരകേരളത്തില്‍ കനത്തമഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടല്‍; ആറു പേരെ കാണാനില്ല

single-img
6 August 2012

ഉത്തര കേരളത്തില്‍ കനത്ത മഴയെത്തുടര്‍ന്നു അഞ്ചിടത്ത് ഉരുള്‍പൊട്ടല്‍. ചെറുശേരിയില്‍ ഒരു കുടുംബം മുഴുവനായി ഒഴുക്കില്‍പ്പെട്ടു. അഞ്ചംഗ കുടുംബത്തിലെ മൂന്നു വയസുകാരന്റെ മൃതദേഹം കിട്ടി. കാണാതായ നാലു പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ചെറുശേരില്‍ തുണ്ടത്തില്‍ ബിജുവിന്റെ പിതാവ് ജോസഫ്, മാതാവ് ഏലിക്കുട്ടി, ഭാര്യ ലിസ, രണ്ടു വയസുള്ള മകന്‍ എന്നിവരെ ഒഴുക്കില്‍പ്പെട്ടു കാണാതായി. ചെറുശേരി തവന്നംമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോത്സന (7)യും കാണാതായവരില്‍ പ്പെടുന്നു. ബിജുവിന്റെ മകന്‍ കുട്ടന്റെ മൃതദേഹമാണു രാത്രിയോടെ കിട്ടിയത്. മഞ്ഞുവയലില്‍ പൊട്ടന്‍കോട് മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാലത്തൊടികയില്‍ ഗോപാലനെയാണു കാണാതായത്. ഇദ്ദേഹത്തിന്റെ വീടു പൂര്‍ണമായും ഒലിച്ചുപോയി. കോഴിക്കോടു ജില്ലയില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മലയോരമേഖലകളായ കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയല്‍, തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്ത കൊടക്കാട്ടുപാറ, മാവിന്‍ചോട്,പൂവാറന്‍തോട്, ആനക്കാംപൊയില്‍ മേഖലയിലെ ചെറുശേരിഎന്നിവിടങ്ങളിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ അഞ്ചു വീടുകള്‍ തകര്‍ന്നിട്ടുണ്ട്.