അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം; റാങ്കിംഗില്‍ രണ്ടാമത്

single-img
5 August 2012

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 20 റണ്‍സ് ജയം. ഇതോടെ പരമ്പര 4-1ന് സ്വന്തമാക്കിയ ഐസിസി റാങ്കിംഗില്‍ ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാമതെത്തി. സ്‌കോര്‍: ഇന്ത്യ: 294/7, ശ്രീലങ്ക: 45.4 ഓവറില്‍ 274ന് ഓള്‍ ഔട്ട്. ഇന്ത്യന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ഒരു ഘട്ടത്തില്‍ 102/5 എന്ന നിലയില്‍ തകര്‍ന്ന ലങ്കയ്ക്ക് തിരമാനെയും(77) ജീവന്‍ മെന്‍ഡിസും(72) ചേര്‍ന്ന് ആറാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലങ്കയ്ക്ക് ജയപ്രതീക്ഷ നല്‍കിയെങ്കിലും തിരമാനെയുടെ റണ്ണൗട്ട് മത്സരത്തില്‍ നിര്‍ണായകമായി. വാലറ്റത്ത് തിസാര പെരേരയും(18) ലസിത് മലിംഗയും(10) നടത്തിയ മിന്നലടികള്‍ ലങ്കയുടെ തോല്‍വി ഭാരം കുറയ്ക്കാനെ ഉപകരിച്ചുള്ളൂ. ഇന്ത്യക്കായി ഇര്‍ഫാന്‍ പത്താന്‍ 61 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തപ്പോള്‍ ദിന്‍ഡ 55 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഗൗതം ഗംഭീര്‍(88), മനോജ് തിവാരി(65), ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി(58) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. വീരേന്ദര്‍ സേവാഗിനു പകരം ഓപ്പണറായി ഇറങ്ങിയ അജിങ്ക്യാ രഹാനെയ്ക്ക്(9) തിളങ്ങാനായില്ല. ലങ്കയ്ക്കായി ലസിത് മലിംഗ മൂന്നും നുവാന്‍ പ്രദീപ് രണ്ടും വിക്കറ്റ് വീഴ്ത്തി.