ബാഡ്മിന്റണില്‍ സൈനയ്ക്ക് വെങ്കലം

single-img
4 August 2012

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈനാ നെഹ്‌വാളിന് വെങ്കലം. വെങ്കല മെഡല്‍ ജേതാവിനെ നിര്‍ണയിക്കാനുള്ള പോരാട്ടത്തിനിടെ ചൈനീസ് താരം സിന്‍ വാംഗ് പരിക്കേറ്റു പിന്‍മാറിയതിനെത്തുടര്‍ന്നാണ് സൈനയെ വിജയിയായി പ്രഖ്യാപിച്ചത്. ആദ്യ ഗെയിം 21-18ന് സിന്‍ വാംഗ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഗെയിമില്‍ 0-1ന് വാംഗ് ലീഡ് ചെയ്യുമ്പോഴാണ് പിന്‍മാറിയത്. ആദ്യ ഗെയിമില്‍ 20-18ന് ലീഡ് ചെയ്യുമ്പോഴാണ് ലോക രണ്ടാം റാങ്കുകാരിയായ സിന്‍ വാംഗിന് പരിക്കേറ്റത്. കോര്‍ട്ടില്‍ തിരിച്ചെത്തി ആദ്യ ഗെയിം നേടിയെങ്കിലും രണ്ടാം ഗെയിം ആരംഭിച്ച ഉടന്‍ തന്നെ മത്സരം തുടരാനാകാതെ സിന്‍ വാംഗ് മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വെങ്കല മെഡല്‍ നേട്ടത്തോടെ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സൈനയ്ക്ക് സ്വന്തമായി. വെങ്കല മെഡല്‍ നേടിയ സൈനയ്ക്ക് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്.