സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്; ആത്മപരിവര്‍ത്തനത്തിന്റെ അലയൊലി

single-img
4 August 2012


മലയാള ചലച്ചിത്രരംഗത്ത് കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്റെ ചില ഘടകങ്ങള്‍ പ്രക്ഷകര്‍ക്ക് അതതുകാലങ്ങളില്‍ തിരശ്ശീലയില്‍ (screen) ദര്‍ശിക്കാനാകുന്നു. ഈ വസ്തുതകളെ നാം മനസ്സിനിണങ്ങിയപോലെ ന്യൂജനറേഷനെന്നും മറ്റും പേരുവിളിക്കുകയും ചെയ്യുന്നു. ഈ വസ്തുതകളുടെ അന്തരാര്‍ത്ഥത്തെ (deep meaning) പൊളിച്ചടുക്കുവാന്‍ മലയാള ചലച്ചിത്ര രംഗത്തുണ്ടായിരിക്കുന്ന ഒരു നവ തരംഗമാണ് നാം സന്തോഷ് പണ്ഡിറ്റെന്ന് പുച്ഛപുരസ്‌കരം വിളിക്കുന്ന ‘സന്തോഷ് പണ്ഡിറ്റ് യുഗ’മെന്ന് പറഞ്ഞാല്‍ അതൊരിക്കലും വിമര്‍ശനാതീതമാകുമെന്ന് കൂറുക വയ്യ. കഴിഞ്ഞ നൂറ്റാണ്ടിന്റെ 80 കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്ര ശാഖയെ ഉള്‍പ്പുളകംകൊണ്ട് ആലിംഗനം ചെയ്ത മഹാ പ്രതിഭകളായ പത്മരാജനോടും ഭരതനോടും ഇദ്ദേഹത്തെ ഉപമിക്കുന്നതില്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകുറ്റങ്ങളോ മറ്റോ പ്രേക്ഷകര്‍ കാണുകയില്ലെന്നതിന് യാതൊരു സംശയനിവര്‍ത്തിയും വേണ്ടിവരില്ല.

കൃഷ്ണനും രാധയുമെന്ന പുതു തലമുറയുടെ സ്വപ്‌നങ്ങളെ സഫലമാക്കിയ ചലച്ചിത്രത്തിനു ശേഷം അദ്ദേഹം രചന, സംവിധാനം തുടങ്ങി ഇരുപതോളം മേഖലകള്‍ ഒറ്റയ്ക്കു നിര്‍വ്വഹിച്ച സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സെല്ലുലോയ്ഡ് പദാര്‍ത്ഥം മലയാള പ്രേക്ഷകരെ തേടിയെത്തിയിരിക്കുകയാണ്. ന്യു ജനറേഷന്‍ സിനിമകള്‍ വന്നിട്ടും മാറ്റമില്ലാതെ (change) തുടര്‍ന്നുവരുന്ന ക്ലീഷേകളെയും മറ്റും ഒരു സംവിധായകന്റെയും പ്രേക്ഷകന്റെയും ഭാഗങ്ങളില്‍ നിന്നും നോക്കികണ്ട് മാറ്റിയെഴുതുകയാണ് ശ്രീ. സന്തോഷ് പണ്ഡിറ്റ് ഈ ചിത്രത്തിലൂടെ ചെയ്യുന്നതെന്ന് നൂറുശതമാനവും ഉറപ്പിച്ചു പറയാന്‍ കഴിയും.

ഭൂമിയിലേക്കിറങ്ങാത്ത താരങ്ങളെ മടുത്തുപോയ പ്രേക്ഷകരാണ് കുറച്ചുനാളായി ഈ വെള്ളിവെളിച്ചത്തിനു പുറത്തുള്ളതെന്ന സത്യം ആരൊരാളെക്കാലും ശ്രീ.പണ്ഡിറ്റിന് വ്യക്തമാണ്. മമ്മുട്ടിയുടേയോ മോഹന്‍ലാലിന്റെയോ സുരേഷ്‌ഗോപിയുടെയോ മുന്നില്‍ നിന്ന് വില്ലന്‍ കഥാപാത്രം ‘നീ എങ്ങനെയിവിടെയെത്തി?” എന്നു ചോദിച്ചാല്‍ ചോദിക്കുന്നവന്റെ വംശാവലിപോലും വായിച്ച് പുറത്തിടുന്ന ഉത്തരമായിരിക്കും (answer) ഉണ്ടാകുക. എന്നാല്‍ ശ്രീ. പണ്ഡിറ്റെന്ന നായകന്‍ ‘നീ എങ്ങനെ ഇവിടെ വന്നു’ എന്ന ചോദ്യത്തിന് വളരെ നൈര്‍മല്യതയോടെ, എന്നാല്‍ മുഖത്ത് ശൗര്യത്തിന്റെ തീഷ്ണ ജ്വാലകള്‍ പ്രതിഫലിപ്പിച്ച് ‘നടന്നുവന്നു’ എന്ന ഉത്തരമാണ് കൊടുക്കുന്നത്. പാരമ്പര്യ സിനിമാ നടപ്പു രീതികളെ ഇങ്ങനെ പൊളിച്ചുകാട്ടുന്ന ഒരു സിനിമാ സൃഷ്ടാവിന്റെ (creator) അഭാവമാണ് മലയാള സിനിമ ഇതുവരെ അനുഭവിച്ചു കൊണ്ടിരുന്നതെന്ന് പറഞ്ഞാല്‍ അതിലെന്താണ് തെറ്റ്?
ഒരു സമൂഹത്തിന് മാതൃകയായ ജിതേന്ദ്രന്‍ എന്ന ജിത്തുഭായിയാണ് കേരളത്തിലെ യുവാക്കളുടെ പ്രതിനിധിയായി ശ്രീ. പണ്ഡിറ്റ് ഉയര്‍ത്തിക്കാട്ടുന്നത്. മറ്റാരെക്കാളും സുഹൃത്തുക്കളെ സ്‌നേഹിക്കുകയും സുഹൃത്തുക്കള്‍ക്കു വേണ്ടി ഗവ. ഉദ്യോഗം വെര വേണ്ടന്നുവച്ച് മതാപിതാക്കളുടെ ശാപവചസ്സുകള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്ന ഇന്നത്തെ സമൂഹത്തിന്റെ അടയാളമായി ശ്രീ. സന്തോഷ് പണ്ഡിറ്റ് നിറഞ്ഞഭിനയിച്ചിരിക്കുന്നു. 17 വയസ്സായ ഒരു പെണ്‍കുട്ടിയുടെ (girl) വിവാഹം ബലമായി നടത്താന്‍ ഉദ്യമിക്കുന്ന ഒരു പിതാവില്‍ (father) നിന്നും ആ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്ന ജിത്തുഭായ് മറ്റൊരാളിലും കാണാത്ത ‘സൗഹൃണ’ (സൗഹൃദത്തിനുള്ളിലെ കരുണ) എന്ന വികാരത്തെ പ്രതിഫലിപ്പിക്കുന്നു. പായപൂര്‍ത്തി ആയിട്ടിലെന്ന് വാദിക്കുന്ന ആ പെണ്‍കുട്ടിയുടെയും ജിത്തുവിന്റെയും മുന്നില്‍ ആ പിതാവും നിയമപാലകരും (police) കള്ള ജനനസര്‍ട്ടിഫിക്കറ്റ് ഉയര്‍ത്തിക്കാട്ടുമ്പോള്‍, നിയമത്തിനു മുന്നില്‍ നിസംഗയനായി തിരിഞ്ഞു നടക്കുന്ന ജിത്തുവിന്റെ രൂപം മലയാള സിനിമയുടെ മാറിവരുന്ന മുഖത്തെയല്ലേ (face) കാണിക്കുന്നത്?

മറ്റാരും തുണയില്ലാതെ ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ ‘നീ മാത്രം മരിക്കണ്ട… ഞങ്ങളും കൂടെയുണ്ട്, മരിക്കാന്‍’ എന്ന സുഹൃത്തുക്കളുടെ വാക്കുകള്‍ പ്രേക്ഷകര്‍ക്ക് അവിശ്വസനീയതയോടെ മാത്രമേ കാണാന്‍ കഴിയൂ. ഇത്തരത്തിലുള്ള സൗഹൃദങ്ങള്‍ക്കുടമായായ ശ്രീ. ജിത്തുഭായിയോട് ഒരു വേള നമുക്ക് അസൂയയും തോന്നുന്നു. ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ജിത്തുഭായിയോടൊപ്പം ഒളിച്ചോട്ടമെന്ന ആ പെണ്‍കുട്ടിയുടെ പ്രഖ്യാപനത്തിനു മുന്നില്‍ ജിത്തുഭായിയും സുഹൃത്തുക്കളും ഒളിച്ചോടാന്‍ സമ്മതം മൂളുമ്പോള്‍ പ്രേക്ഷകരുടെ മുഖത്ത് ആശ്വാസത്തിന്റെ നിറകതിര്‍ വിരിയുന്നത് തിയേറ്ററിനുള്ളിലെ തമസ്സില്‍ (dark) കൂടിയും നമുക്ക് ദര്‍ശിക്കാവുന്നതാണ്.

ഈ സമൂഹത്തിന്റെ സമകാലിക വിഷയങ്ങളായ മണല്‍ മാഫിയയും മൊബൈല്‍ ഫോണ്‍ ക്യാമറ ദുരുപയോഗവുമൊക്കെ ഈ ചിത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ എത്തിക്കുവാന്‍ ശ്രീ. പണ്ഡിറ്റിന് കഴിയുന്നുണ്ട്. സ്‌നേഹിച്ചുവെന്ന് വിശ്വസിച്ച പെണ്‍കുട്ടിയുടെ ഭവനത്തില്‍ മാതാപിതാക്കളോടൊപ്പം വിവാഹ ആലോചനയുമായി (proposal) പോയി, പെണ്‍കുട്ടിക്ക് ഇഷ്ടമില്ലെന്ന് മുഖത്തുനോക്കി പറഞ്ഞ് നാണംകെട്ട് തിരികെ വരുന്ന ജിത്തുവിന്റെ രൂപം സ്വന്തം രൂപമാണോയെന്ന് നാം ഒരു നിമിഷം സംശയിക്കേണ്ടിയിരിക്കുന്നു. ആ പെണ്‍കുട്ടിയെ വിവാഹശേഷമുള്ള കഷ്ടതകളോടെ (ഗര്‍ഭമല്ല) മാസങ്ങള്‍ക്കു ശേഷം കാണുമ്പോഴും ജിത്തു പുഞ്ചിരിക്കുകയാണ്. ആ പുഞ്ചിരി പുരുഷനെ പ്രേമിച്ച് വഞ്ചിക്കുന്ന സ്ത്രീകള്‍ക്കുള്ള മറുപടിപോലെ തിയേറ്ററിലെമ്പാടും ഒരു നെടുവീര്‍പ്പായി പടരുന്നതും നാമറിയുന്നു.


സ്‌നേഹം ഉള്ളിലൊതുക്കി മക്കളെ വളര്‍ത്തുന്ന അച്ഛന്‍മാര്‍ക്കുള്ള മറപുടി ഈ ചിത്രത്തിലൂടെ ശ്രീ. പണ്ഡിറ്റ് നല്‍കുന്നുണ്ട്. ജിത്തുവിന്റെ കൂട്ടുകാര്‍ക്ക് ഒരാള്‍ക്കുപോലും അമ്മയില്ലാത്തതും (mother) ശ്രീ. പണ്ഡിറ്റിന്റെ പുതുതലമുറയോടുള്ള കാഴ്ചപ്പാടിനെയാണ് കാണിക്കുന്നത്. അമ്മയുണ്ടെങ്കിലേ കുഞ്ഞു വളരൂ എന്ന മൗഢ്യധാരണ പ്രേക്ഷകരുടെയിടയില്‍ നിന്നും സിനിമ കണ്ടുതീരുന്നതോടെ അപ്രത്യക്ഷമാകുന്നു. താന്‍ സ്‌നേഹിച്ച പെണ്‍കുട്ടി തന്നെ ഫോണില്‍കൂടി തെറിവിളിക്കുമ്പോഴും പിന്നീട് അതെല്ലാം മറന്ന് ആ പെണ്‍കുട്ടിയെ ആലിംഗനത്തിലൂടെ കരവലയത്തിലൊതുക്കാന്‍ ജിത്തുവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ഒടുവില്‍ കൊലപാതകകുറ്റത്തിന് ജയിലിലാകുമ്പോള്‍ കാമുകി മറ്റൊരാളുടെകൂടെ പോകുന്നുവെന്ന കത്ത് വായിക്കുന്ന ജിത്തു, ‘അന്നും ഇന്നും എന്നും പെണ്ണിന് കാമുകന്‍ പണം തന്നെ’ എന്ന വാക്യം അടിവരയിടുകയല്ലേ ചെയ്യുന്നത്?

ജയിലിനുള്ളിലും (jail) ഇന്‍ഷര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന ജിത്തു വിഐപികള്‍ക്കും കണ്ണൂരുകാര്‍ക്കും മാത്രമല്ല സാധാരണക്കാര്‍ക്കും ഇതൊക്കെയാകാമെന്ന ധൈര്യമാണ് പ്രേക്ഷകര്‍ക്ക് കൊടുക്കുന്നത്. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടവനെ പോലെ തിരികെ ജയിലില്‍ നിന്നിറങ്ങുന്ന ജിത്തുവിനെ കാത്ത് സ്മനഹിക്കാന്‍ മാത്രമറിയാവുന്ന ഒരു പെണ്ണും മറ്റു സുഹൃത്തുക്കളും കാത്തു നില്‍ക്കുമ്പോള്‍ സിനിമ എന്താണെന്നും അത് എങ്ങനെയാണ് എടുക്കേണ്ടതെന്നും ശ്രീ. പണ്ഡിറ്റ് ഇവിടുത്തെ സംവിധായകര്‍ക്ക് കാട്ടിക്കൊടുക്കുകയാണ്. ഒരു വീട്ടിലെ മൂത്ത പെണ്‍കുട്ടിയിരിക്കുമ്പോള്‍ ഇളയ കുട്ടിയെ കല്ല്യാണം കഴിപ്പിക്കില്ലെന്ന സാധാ മലയാളിയുടെ മുഖത്ത് നോക്കി മുഖം വക്രിച്ച് പ്രത്യേകതരത്തില്‍ കാട്ടി (കോക്രി) ശ്രീ. പണ്ഡിറ്റ് അവസാന ആണിയും അടിക്കുന്നു. വിവാഹം കഴിക്കാത്ത കൂട്ടുകാരിയുടെ അനുജത്തിയെ (sister) തന്നെ കല്ല്യാണം കഴിച്ച് ആ ഒരു ക്ലീഷേയും പൊളിച്ചെഴുതുന്നു.

അനിര്‍വചനീയമായ ആനന്ദത്തോടെയാണ് ചിത്രത്തിനു ശേഷം പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്. വന്‍ താരങ്ങളെയെല്ലാം നിഷ്പ്രഭരാക്കുന്ന ഭാവാഭിനയവും മെയ്അഭിനയവും സിനിയില്‍ അഭിനയിച്ചവരെല്ലാം കാഴ്ചവച്ചിരിക്കുന്നു. പ്രത്യേകിച്ചും ശ്രീ. പണ്ഡിറ്റ്. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തില്‍ ഇത്രത്തോളം പ്രശ്‌സ്തനായ ഒരു വ്യക്തി അദ്ദേഹത്തിന്റെ സിനമയിലെ കഥാപാത്രത്തിന്റെ പേരില്‍ ഇനി അറിയപ്പെടാന്‍ തുടങ്ങിയാല്‍ അതു ചരിത്രമാകും. സന്തോഷ് പണ്ഡിറ്റ് എന്ന പേര് ഒരുപക്ഷേ മലയാളികള്‍ മറന്നാലും ജിത്തുഭായ് എന്ന പേര് മലയാളം ഓര്‍ത്തിരിക്കും…. ഓര്‍ത്തിരിക്കട്ടെ.

(സിനിമ കണ്ട് പ്രാന്തായ ഒരാളുടെ മനോവിചാരങ്ങള്‍….)