പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ പാസാക്കിയ നിയമം പാക് സുപ്രീംകോടതി റദ്ദാക്കി

single-img
3 August 2012

പാക് ജുഡീഷ്യറിയും ഭരണകക്ഷിയും വീണ്ടും ഏറ്റുമുട്ടലിലേക്ക്. കോടതിയലക്ഷ്യക്കേസുകളില്‍നിന്നു പ്രധാനമന്ത്രിയെയും ഉന്നതരെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പാക് പാര്‍ലമെന്റ് പാസാക്കിയ 2012ലെ കോടതിയലക്ഷ്യ നിയമം സുപ്രീംകോടതി ഇന്നലെ അസാധുവായി പ്രഖ്യാപിച്ചു. ഇവരെ കോടതിയലക്ഷ്യക്കേസിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിക്കുന്ന 2003ലെ നിയമം പുനസ്ഥാപിക്കുകയും ചെയ്തു. പ്രസിഡന്റ് സര്‍ദാരിയുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരം തേടി സ്വിസ് സര്‍ക്കാരിന് കത്തെഴുതണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ച മുന്‍ പ്രധാനമന്ത്രി ഗീലാനിക്ക് കോടതിയലക്ഷ്യക്കേസിന്റെ പേരില്‍ രാജിവച്ചു പുറത്തുപോവേണ്ടി വന്നിരുന്നു. ഇത്തരമൊരു അവസ്ഥയുണ്ടാവാതെ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫിനെ രക്ഷിക്കുന്നതിനാണു പുതിയ നിയമം കൊണ്ടുവന്നത്. സര്‍ദാരിക്ക് എതിരേയുള്ള അഴിമതിക്കേസ് പുനരാരംഭിക്കണമെന്ന് അഷ്‌റഫിനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം എട്ടിനകം നടപടി എടുത്തു കോടതിയെ വിവരം അറിയിക്കണമെന്നാണ് അഷ്‌റഫിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.