വൈദ്യുതി തകരാര്‍; എട്ടു സംസ്ഥാനങ്ങള്‍ ഇരുട്ടിലായി

single-img
30 July 2012

ഉത്തരമേഖലാ പവര്‍ ഗ്രിഡ് തകരാറിലായതിനെത്തുടര്‍ന്നു ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇരുട്ടിലായി. 11 മണിക്കൂറോളം വൈദ്യുതി വിതരണം താറുമാറായതോടെ ഡല്‍ഹി മെട്രോ സര്‍വീസിനെയും അഞ്ഞൂറോളം മറ്റു ട്രെയിന്‍ സര്‍വീസുകളെ യും ബാധിച്ചു. ഒന്നര ലക്ഷത്തോളം യാത്രക്കാരെയാണ് ഈ പ്രതിസന്ധി വലച്ചത്. ഞായറാഴ്ച അര്‍ധരാത്രി തകരാറിലായ വൈദ്യുതി വിതരണം കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടതോടെ ഇന്നലെ ഉച്ചയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. ഞായറാഴ്ച ഒന്നരയോടെയാണ് ആഗ്രയ്ക്കു സമീപം ഉത്തരമേഖലാ ഗ്രിഡില്‍ തകരാര്‍ സംഭവിച്ചത്. ഡല്‍ഹിക്കു പുറമേ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു-കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചു. രാവിലെ ഒന്‍പതു വരെ മെട്രോ സര്‍വീസ് ആരംഭിക്കാനായില്ല. അഞ്ഞൂറോളം മറ്റു ട്രെയിന്‍ സര്‍വീസുകളെയും സാരമായി ബാധിച്ചു. റെയില്‍വേക്കും ഡല്‍ഹി മെട്രോയ്ക്കുമുള്ള വൈദ്യുതിവിതരണം രാവിലെ ഒന്‍പതോടെ ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും ഉച്ചയോടെയാണു സര്‍വീസുകള്‍ സാധാരണഗതിയിലായത്.