ദ പെയിന്റിങ്‌ ലെസണ്‍

single-img
25 July 2012

സംവിധാന മികവും ചിത്രീകരണത്തിലെ പുതുമയും അവകാശപ്പെടാവുന്ന ചിത്രമാണ്‌ ‘ ദ പെയിന്റിങ്‌ ലെസണ്‍’. ശ്രദ്ധേയമായ വിഷയങ്ങളെ വ്യത്യസ്‌തവും നൂതനവുമായ ശൈലിയില്‍ അഭ്രപാളിയിലേക്ക്‌ പകര്‍ത്തി സിനിമാരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്‌ പാബ്ലോ പെരല്‍മന്‍. പെയിന്റിങ്‌ ഒരു പ്രധാന പ്രമേയമായതുതന്നെ ചിത്രത്തിന്റെ ആദ്യാവസാനം വരെ ആസ്വാദകര്‍ക്ക്‌ മുഷിപ്പുളവാക്കാത്ത ദൃശ്യചാരുതയാണ്‌ സംവിധായകന്‍ പകര്‍ന്നുനല്‍കിയിരിക്കുന്നത്‌.
1973 -ല്‍ ചിലിയില്‍ നടന്ന പട്ടാള അട്ടിമറിയും രാഷ്ട്രീയ മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ ചിലിയില്‍ ജീവിച്ച അവിവാഹിതയായ കൗമാരക്കാരിയുടെ, നന്നായി ചിത്രം വരക്കുന്ന ഒരു കുട്ടിക്കുണ്ടാകുന്ന ദുര്യോഗങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. സയന്‍സിനോട്‌ താല്‍പര്യമുള്ള അമ്മയ്‌ക്ക്‌ മകനെ ശാസ്‌ത്രജ്ഞനാക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ നാട്ടിലെ ഒരു മരുന്നുകച്ചവടക്കാരന്‍ കുട്ടിയിലെ അത്ഭുത പ്രതിഭയെ കണ്ടെത്തുകയാണ്‌ ചെയ്യുന്നത്‌. കൊച്ചുകലാകാരന്റെ വരകളിലൂടെ അനന്തവിഹാരതയിലേക്ക്‌ ജനഹൃദയങ്ങളെ കൊണ്ടുപോകുകയാണ്‌ ഇവിടെ സംവിധായകന്‍. പ്രമേയത്തിലെ പുതുമയും ദൃശ്യവിന്യാസത്തിലെ വേറിട്ടരീതികളും ‘ ദ പെയിന്റിങ്‌ ലെസണ്‍ ‘ എന്ന ചിത്രത്തെ കൂടുതല്‍ ആസ്വാദക ഹൃദയങ്ങളിലേക്ക്‌ അടുപ്പിക്കുന്നു.
ചിലിയിലെ വലതുപക്ഷവും പിനോഷെയുടെ പട്ടാളവും ഇല്ലാതാക്കുന്ന അഗസ്റ്റോ എന്ന ചിത്രകാരനായ ബാലനോട്‌ കാണിക്കുന്ന ക്രൂരത ലളിതമായ രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും കൊച്ചുകലാകാരന്റെ വരകളിലൂടെ സൈനിക അട്ടിമറിയുടെ അഘാതങ്ങള്‍ വരച്ചുകാട്ടുകയാണ്‌ സംവിധായകന്‍. ചിത്രകാരന്റെ മുമ്പോട്ടുള്ള അവസ്ഥയെ കുറിച്ചുള്ള പ്രേക്ഷകരുടെ വ്യാകുലത എക്കാലവും നിലനില്‍ക്കുകയും ചെയ്യുന്നു. 1973 ല്‍ സെപ്‌റ്റംബര്‍ 11 ലെ സൈനിക അട്ടിമറിയുടെ കാലത്ത്‌ തന്റെ കലാസൃഷ്ടികളോടൊപ്പം പതിമൂന്നാമത്തെ വയസ്സില്‍ അപ്രത്യക്ഷനായിരുന്നില്ലെങ്കില്‍ അവനൊരു വലിയ ചിത്രകാരനാവുമായിരുന്നുവെന്ന്‌ അയാള്‍ ഉറച്ചുവിശ്വസിക്കുന്നു.

അനുപമ രാമചന്ദ്രന്‍