ഡിവൈഎസ്പിയ്ക്ക് പത്രക്കാരുടെ മുന്നില്‍വച്ച് ജയരാജന്റെ ശകാരവര്‍ഷം

single-img
9 July 2012

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ ഡിവൈഎസ്പി പി. സുകുമാരനെ ഭീഷണിപ്പെടുത്തിയതിനു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജനെതിരേ സിറ്റി പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തി കൃത്യനിര്‍വഹണത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതിനു കേരളാ പോലീസ് ആക്ട് 117 (ഇ) പ്രകാരവും അശ്ലീലഭാഷയില്‍ പെരുമാറിയതിന് 294 (ബി) വകുപ്പനുസരിച്ചുമാണു കേസ്. ജാമ്യം ലഭിക്കുന്ന കേസാണെങ്കിലും മൂന്നുവര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം.

ഇന്നലെ രാവിലെ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ചോദ്യംചെയ്യലിനായി പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ എത്തിയപ്പോഴായിരുന്നു എം.വി. ജയരാജന്റെ നിലവിട്ടുള്ള പെരുമാറ്റം. ചോദ്യം ചെയ്യലിനിടെ മൂന്നാംമുറയുണേ്ടായെന്നു ചോദിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന മുറിക്കുള്ളിലേക്കു കടന്ന ജയരാജന്‍ മലദ്വാരത്തില്‍ കമ്പി കയറ്റുന്ന രീതി ജയരാജനോടു കാണിക്കുമോ എന്നും ചോദിച്ചു. പ്രതികളുടെ മലദ്വാരത്തില്‍ കമ്പികയറ്റുന്ന ആളാണു ഡിവൈഎസ്പി പി. സുകുമാരനെന്നു പലതവണ പറഞ്ഞ ജയരാജന്‍ ഷെയിം ഷെയിം എന്നു പറഞ്ഞു പരിഹസിക്കുകയും ചെയ്തു. എസ്പി രാഹുല്‍ ആര്‍. നായര്‍ ഇടപെട്ട് എം.വി. ജയരാജനോടു മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ പത്രക്കാര്‍ക്ക് ഇവിടെ വരാമെങ്കില്‍ എന്തുകൊണ്ടു തനിക്കു വരാന്‍ പാടില്ലെന്നു പറഞ്ഞു തട്ടിക്കയറി. ഒടുവില്‍ ജയരാജനെ മുറിയില്‍നിന്നു പോലീസ് പുറത്തേക്കു മാറ്റി.