അണ്ടര്‍ 19 ഏഷ്യ കപ്പ്: ഇന്ത്യയും പാക്കിസ്ഥാനും കിരീടം പങ്കിട്ടു

single-img
2 July 2012

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം ഇന്ത്യയും പാക്കിസ്ഥാനും പങ്കിട്ടു. ഫൈനല്‍ മത്സരം സമനിലയിലായതോടെയാണിത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 282. ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റിന് 282. അവസാന പന്തില്‍ ഒരു റണ്‍ ജയിക്കാന്‍ വേണ്ടിയ ഇന്ത്യക്ക് കലറിയയുടെ വിക്കറ്റ് നഷ്ടപ്പെട്ടതാണ് തോല്‍വിക്കു കാരണമായത്. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍ സമി അസ്‌ലം സെഞ്ചുറി നേടിയതോടെ പാക്കിസ്ഥാന്‍ മികച്ച സ്‌കോറിലെത്തി. 124 പന്തില്‍ നിന്ന് 13 ഫോറും മൂന്ന് സിക്‌സും അടക്കം 134 റണ്‍സ് അസ്ലം നേടി. 58 പന്തില്‍ 48 റണ്‍സെടുത്ത ഉമര്‍ വഹീദാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിലെ ഉയര്‍ന്ന രണ്ടാമത് വ്യക്തിഗത സ്‌കോറിനുടമ. ഇന്ത്യക്കുവേണ്ടി മീഡിയം പേസര്‍ റുള്‍ കലറിയ 37 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റു നഷ്ടമായി. തുടര്‍ന്ന് ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദും ബാബ അപരാജിതും രണ്ടാം വിക്കറ്റില്‍ 175 റണ്‍സ് കണെ്ടത്തി. ഈ കൂട്ടുകെട്ടോടെ ഇന്ത്യ ജയത്തിലേക്കെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും വാലറ്റം പരാജയപ്പെട്ടതോടെ ലക്ഷ്യത്തിനൊപ്പമെത്താനേ സാധിച്ചുള്ളൂ. 150 പന്ത് നേരിട്ട് 11 ഫോറോടെയാണ് ഉന്‍മുക്ത് ചന്ദ് 121 റണ്‍സെടുത്തത്. 86 പന്തില്‍ നിന്ന് 12 ഫോറിന്റെ അകമ്പടിയോടെ അപരാജിത് 90 റണ്‍സെടുത്തു. പാക്കിസ്ഥാനുവേണ്ടി ഇഹ്‌സന്‍ അദിലും മുഹമ്മദ് നവാസും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഉന്‍മുക്ത് ചന്ദും സമി അസ്‌ലവും കളിയിലെ കേമന്മാരായി. സമി അസ്‌ലമാണ് പരമ്പരയുടെ താരം.