പി. മോഹനന്റെ അറസ്റ്റ്: വടകര കോടതിക്ക് നേരെ കല്ലേറ്

single-img
29 June 2012

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ അറസ്റ്റ് ചെയ്തതില്‍ കുപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടകര കോടതിക്ക് നേരെ കല്ലേറ് നടത്തി. പി. മോഹനനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു അന്‍പതോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കോടതി വളപ്പിലേക്ക് തള്ളിക്കയറി അക്രമം നടത്തിയത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് അക്രമം പോലീസ് നിയന്ത്രിച്ചത്. മോഹനനെ കൊണ്ടുവരുന്നതറിഞ്ഞ് ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ കോടതി പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. എന്നാല്‍ അതിരുവിട്ട് പെരുമാറരുതെന്ന് ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരോട് നിര്‍ദേശിച്ചെങ്കിലും ഫലം കണ്ടില്ല. കോടതിവളപ്പിലേക്ക് വന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ആദ്യം കൈയേറ്റശ്രമം നടന്നത്. തുടര്‍ന്ന് കോടതിയോട് ചേര്‍ന്ന ഒരു കെട്ടിടത്തില്‍ നില്‍ക്കുകയായിരുന്ന ഏതാനും ആര്‍എംപി പ്രവര്‍ത്തകരെയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നീടാണ് പ്രതിഷേധം പോലീസിന് നേര്‍ക്ക് തിരിഞ്ഞത്. പോലീസ് ആദ്യം ലാത്തി വീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനാല്‍ പിന്നീട് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. പോലീസ് വാഹനങ്ങള്‍ക്ക് നേരെയും പോലീസുകാര്‍ക്ക് നേരെയുമായിരുന്നു കല്ലേറ്. കുറച്ചുനേരത്തിന് ശേഷമാണ് സ്ഥലത്ത് ക്രമസമാധാനം പുനസ്ഥാപിക്കാനായത്. കൂടുതല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. വടകര ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് പി. മോഹനനെ കോടതിയിലെത്തിച്ചത്.