മോചനം സരബ്ജിത്തിനല്ല, സുര്‍ജിത്ത് സിംഗിനെന്ന് പാക്കിസ്ഥാന്റെ മലക്കംമറിച്ചില്‍

single-img
27 June 2012

കഴിഞ്ഞ 21 വര്‍ഷമായി പാക് ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറി. സരബ്ജിത്തിനേയല്ല സുര്‍ജിത്ത് സിംഗ് എന്ന ഇന്ത്യക്കാരനെയാണ് മോചിപ്പിക്കുകയെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വക്താവ് ഫര്‍ഹത്തുള്ള ബാബര്‍ വ്യക്തമാക്കി. സരബ്ജിത്തിനെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് പാക്കിസ്ഥാന്‍ മലക്കംമറിഞ്ഞത്.

മൂന്നു ദശകമായി ലഹോറിലെ ജയിലില്‍ കഴിയുന്ന സുര്‍ജിത്ത് സിംഗിനും വധശിക്ഷയാണു വിധിച്ചിരുന്നതെങ്കിലും 1989ല്‍ ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരുന്ന കാലത്തു ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. മോചിപ്പിക്കുന്ന തടവുപുള്ളിയുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണെന്നും ഇതില്‍ വലിയ കാര്യമില്ലെന്നുമാണ് ബാബര്‍ പറഞ്ഞത്. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ചാരവൃത്തി നടത്തിയെന്ന കേസിലാണ് സുര്‍ജിത്ത് സിംഗിനു പാക്കിസ്ഥാന്‍ വധശിക്ഷ വിധിക്കുകയും പിന്നീട് ശിക്ഷ ഇളവു ചെയ്യുകയും ചെയ്തത്. സുര്‍ജിത്തിന്റെ ശിക്ഷാകാലാവധി അവസാനിച്ച സാഹചര്യത്തിലാണ് മോചനമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

1990 മുതല്‍ പാക്കിസ്ഥാന്റെ തടവിലുള്ള സരബ്ജിത്ത് സിംഗിന്റെ വധശിക്ഷ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ജീവപര്യന്തമായി ഇളവുചെയ്‌തെന്നും ജീവപര്യന്തം തടവിന്റെ കാലാവധിയായ 14 വര്‍ഷം സരബ്ജിത് പൂര്‍ത്തിയാക്കിയതിനാല്‍ അടുത്തദിവസംതന്നെ ജയില്‍മോചനം ഉണ്ടാകുമെന്നും പാക് വാര്‍ത്താ ചാനലുകളാണ് ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. പാക്കിസ്ഥാന്റെ തടവിലുള്ള സരബ്ജിത്തിനെ മോചിപ്പിക്കണമെന്നായിരുന്നു രാജ്യാന്തര സമൂഹത്തിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും വര്‍ഷങ്ങളായുള്ള ആവശ്യം.