ഗോപി കോട്ടമുറിക്കലിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

single-img
24 June 2012

സിപിഎം മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും നിലവില്‍ ജില്ലാ കമ്മിറ്റിയംഗവുമായ ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിന്‍ സെന്ററില്‍വച്ചു ഗോപി കോട്ടമുറിക്കല്‍ സദാചാരവിരുദ്ധ നടപടിയില്‍ ഏര്‍പ്പെട്ടെന്നുവെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണു പുറത്താക്കല്‍ . സംഭവത്തെക്കുറിച്ച് അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ ഗോപി കോട്ടമുറിക്കല്‍ കുറ്റക്കാരനാണെന്നു കണെ്ടത്തുകയും അച്ചടക്ക നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഒളികാമറയില്‍ കോട്ടമുറിക്കലിനെ കുടുക്കാന്‍ ശ്രമിച്ചതായി എന്ന ആരോപിക്കപ്പെടുന്ന മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും വിഎസ് പക്ഷ നേതാവുമായ കെ. എ. ചാക്കോച്ചനെ ആറു മാസത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാനും സംസ്ഥാന സമിതി തീരുമാനിച്ചു. ചാക്കോച്ചനാണു ഗോപിക്കെതിരേ പരാതി നല്‍കിയത്. ഒളികാമറ ഗൂഢാലോചനയില്‍ പങ്കാളികളെന്നു തെളിഞ്ഞ വിഎസ്പക്ഷ നേതാക്കളായ പി.എസ്. മോഹനന്‍, എം.പി. പത്രോസ്, ടി.കെ. മോഹനന്‍ എന്നിവര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. പി.എസ്. മോഹനനെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. മറ്റു രണ്ടു പേരെ താക്കീതു ചെയ്യാനും തീരുമാനിച്ചു. ഒളികാമറ വിവാദത്തില്‍ പങ്കുണെ്ടന്നു കണെ്ടത്തിയ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില ജീവനക്കാരായ പ്രവീണ്‍, രമേശ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യും. മറ്റൊരു ജീവനക്കാരനായ രജീഷിനെ താക്കീതു ചെയ്യും. ആരോപണ വിധേയനായ അരുണ്‍കുമാര്‍ എന്ന ജീവനക്കാരന്റെ വിശദീകരണം തൃപ്തികരമെന്നു കണ്ടു കുറ്റവിമുക്തനാക്കി.