സിംഗൂര്‍ മമതയെ തിരിച്ചടിച്ചു

single-img
22 June 2012

പശ്ചിമബംഗാളിലെ സിംഗൂരില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ടാറ്റാ മോട്ടോഴ്‌സിന് ഏറ്റെടുത്തു നല്കിയ ഭൂമി തിരിച്ചെടുത്ത മമത ബാനര്‍ജി സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നു കോല്‍ക്കത്ത ഹൈക്കോടതി. സിംഗൂര്‍ ലാന്‍ഡ് റിഹാബിലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് നിയമം 2011 എന്ന പേരിലുള്ള നിയമത്തിനു രാഷ് ട്രപതിയുടെ അംഗീകാരം ഇല്ലായിരുന്നു. ഇക്കാരണത്താല്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്നു ജസ്റ്റീസ് പിങ്കിചന്ദ്ര ഘോഷും ജസ്റ്റീസ് മൃണാല്‍ കാന്തി ചൗധരിയും വിധിച്ചു. ഭൂമി ഏറ്റെടുക്കല്‍ ലക്ഷ്യമിട്ടു മമത സര്‍ക്കാര്‍ തയാറാക്കിയ നിയമം 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനു കടകവിരുദ്ധമാണ്. ഭൂമി ഏറ്റെടുക്കല്‍ എന്ന ആവശ്യത്തിനായി സംസ്ഥാനസര്‍ക്കാര്‍ ഇത്തരത്തില്‍ പുതിയ നിയമം രൂപീകരിക്കുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രപതിയുടേയും അംഗീകാരം അനിവാര്യമാണ്. തിരിച്ചേറ്റെടുത്ത ഭൂമിയുടെ ഒരുഭാഗം കര്‍ഷകര്‍ക്കു വിതരണം ചെയ്യുമെന്നതു പൊതുജനതാത്പര്യമെന്ന നിലയില്‍ വ്യാഖ്യാനിക്കാനാവില്ല. പ്രത്യേക നിയമത്തിലൂടെ ടാറ്റാമോട്ടോഴ്‌സില്‍ നിന്നു ഭൂമി തിരിച്ചുപിടിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.