ഗ്രാമീണ മേഖലകളില്‍ പുതുചരിത്രമെഴുതി ഇവാര്‍ത്തയുടെ ആരോഗ്യ- രക്തദാന ക്യാമ്പുകള്‍

single-img
21 June 2012

തിരുവനന്തപുരം മാണിക്കല്‍ പഞ്ചായത്തിന്റെ ഗ്രാമീണ മേഖലകളില്‍ പുതുചരിത്രം രചിച്ചുകൊണ്ട് ഇ-വാര്‍ത്തയുടെ ആരോഗ്യയാത്രയ്ക്ക് തുടക്കമായി. മാണിക്കല്‍ പഞ്ചായത്തിലെ മാണിക്കല്‍ വാര്‍ഡില്‍ പത്തേക്കര്‍ മൈതാനിയില്‍ വച്ചു നടന്ന സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പിലും രക്തദാനക്യാമ്പിലുമുണ്ടായ വമ്പിച്ച ജനപങ്കാളിത്തം ഇ-വാര്‍ത്തയുടെ ആരോഗ്യമേഖലയിലേക്കുള്ള കടന്നുവരവിന്റെ ഹൃദ്യംഗമായ സ്വാഗതമോതലായി.

മണിക്കല്‍, പത്തേക്കറിലെ യുവപ്രതിഭ യൂത്ത് ക്ലബ് ആന്‍ഡ് വോളിബാള്‍ ടീമുമായി സഹകരിച്ച് പത്തേക്കര്‍ മൈതാനിയില്‍ വച്ചു നടത്തിയ സമ്പൂര്‍ണ്ണമെഡിക്കല്‍ ക്യാമ്പിലും രക്തദാന ക്യാമ്പിലും അവന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം ആയുര്‍വേദ കോളേജും ശാന്തിഗിരി ആയുര്‍വേദ ആന്‍ഡ് സിദ്ധ ആശുപത്രിയും സംയുക്തമായി പങ്കെടുത്ത ആയുര്‍ണവദ മെഡിക്കല്‍ ക്യാമ്പ്, ഉള്ളൂര്‍ അഹല്യ ആശുപത്രിയുടെ മേല്‍നോട്ടത്തില്‍ നടന്ന നേത്രരോഗ നിര്‍ണ്ണയം, ആറ്റിങ്ങല്‍ ഡയബറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന പ്രമേഹ നിര്‍ണ്ണയവും രക്ത പരിശോധനയും, വട്ടപ്പാറ പി.എം.എസ്. ദന്തല്‍ കോളേജിന്റെ കീഴിലുള്ള ദന്തരോഗ നിര്‍ണയം എന്നിവയായിരുന്നു മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നത്.

2012 ജൂണ്‍ 17 ഞായറാഴ്ച രാവിലെ 9 മണിക്ക് നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ശ്രീ. അലി സാബ്രിന്‍ ഉദ്ഘാടനം ചെയ്തതോടുകൂടി ക്യാമ്പിന് തുടക്കമായി. ഇ-വാര്‍ത്ത സി.ഇ.ഒ അല്‍ അമീന്‍, യുവപ്രതിഭ യൂത്ത്ക്ലബ് പ്രസിഡന്റ്   രതീഷ് ആര്‍. ജി, സെക്രട്ടറി മഹേഷ്എം.എസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ജനറല്‍ ഹോസ്പിറ്റലിന്റെയും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന രക്തദാന ക്യാമ്പില്‍ സ്തീകളടക്കം മുപ്പതോളം പേര്‍ പങ്കെടുത്തു. രക്തദാനത്തിന് ജനങ്ങള്‍ സന്നദ്ധരാകുന്നില്ലെന്ന പരാതിയുയരുന്ന സാഹചര്യത്തില്‍ സാധാരണ ഗ്രാമീണ മേഖലയില്‍ നിന്നുമുണ്ടായ ഈ ജനപങ്കാളിത്തം സര്‍വ്വശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമാണ്.

മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത എല്ലാ മെഡിക്കല്‍ വിഭാഗങ്ങളും അവരുടെ ആശുപത്രിയില്‍ തന്നെ തുടര്‍ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. പനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ മെഡിക്കല്‍ക്യാമ്പ് ഒട്ടനവധിപേര്‍ക്ക് ഗുണകരമായിരുന്നു എന്നുള്ളത് ഇ-വാര്‍ത്തയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യം തന്നെയാണ്.