ആര്‍.ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

single-img
18 June 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്‍. ശെല്‍വരാജ് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ശെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തത്. കെപിസിസി ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ശെല്‍വരാജ് നിയമസഭയിലെത്തിയത്. രാവിലെ ഒന്‍പതരയോടെ നിയമസഭയിലെത്തിയ ശെല്‍വരാജ് സ്പീക്കര്‍ ജി.കാര്‍ത്തികേയനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അഭിവാദ്യം ചെയ്ത ശേഷം സഭയുടെ മുന്‍നിരയിലിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യൂതാനന്ദനെ കൈകൂപ്പി തൊഴുതു. ഇതിനുശേഷം പ്രതിപക്ഷ നിരയെ അഭിവാദ്യം ചെയ്ത അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഹസ്തദാനം നല്‍കിയ ശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് കയറിയത്. എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കവെ പ്രതിപക്ഷം ബഹളം വച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ശാന്തരാകണമെന്നും ഒരംഗത്തിന്റെ സത്യപ്രതിജ്ഞയാണ് നടക്കുന്നതെന്നും ഓര്‍മ്മിപ്പിച്ചു. ഇതിനിടെ പ്രതിപക്ഷത്ത് നിന്ന് ശെല്‍വരാജിനെതിരെ പല കമന്റുകളും വന്നിരുന്നു.