രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ തര്‍ക്കം മുറുകുന്നു

single-img
18 June 2012

രാഷ്ട്രപതിസ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എന്‍ഡിഎയിലുണ്ടായ ഭിന്നത പരിഹരിക്കാന്‍ ഇന്നലെ ബിജെപി നേതാവ് എല്‍. കെ. അഡ്വാനിയുടെ വസതിയില്‍ നടന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന യോഗത്തിനെത്തിയുമില്ല.പാര്‍ട്ടികള്‍ക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ അഡ്വാനിയെ ചുമതലപ്പെടുത്തിയതായും എന്‍ഡിഎ കണ്‍വീനര്‍ ശരദ് യാദവ് അറിയിച്ചു.

പ്രണാബിനെപ്പോലെ പ്രഗല്ഭനായ ഒരു നേതാവിനെതിരേ മത്സരിക്കുന്നതിന്റെ അനൗചിത്യം ജെഡിയു നേതാവ് ശിവാനന്ദ് തിവാരി യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു മത്സരം വേണമെന്ന അഭിപ്രായമാണു ബിജെപി നേതാക്കളായ അഡ്വാനിക്കും സുഷമ സ്വരാജിനും ഉണ്ടായിരുന്നത്. അത് അണ്ണാ ഡിഎംകെയും ബിജു ജനതാദളും നിര്‍ദേശിച്ച പി.എ. സംഗ്മ ആയിരിക്കണമോ , തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി നിര്‍ദേശിച്ച എ.പി.ജെ. അബ്ദുള്‍ കലാം ആയിരിക്കണമോ എന്നകാര്യത്തില്‍യോജിപ്പുണ്ടായില്ല.

രാഷ്ട്രപതിസ്ഥാനാര്‍ഥിയെക്കുറിച്ച് ഇടതുപക്ഷത്തിന്റെ നിലപാടുകൂടി അറിഞ്ഞശേഷം തീരുമാനിച്ചാല്‍മതിയെന്നാണ് ഒരുവിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ഇടതുപക്ഷം പ്രണാബിനു പിന്തുണ നല്കിയില്ലെങ്കില്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള സാധ്യത സംഗ്മയ്ക്കാണെന്നതിനാലാണിത്. പ്രതിപക്ഷത്തിന്റെ കരുത്ത് തെളിയിക്കാനുള്ള അവസരം പാഴാക്കരുതെന്നായിരുന്നു എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പ്രണാബിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ മത്സരിക്കുമെന്ന നിലപാടിലാണ് രാം ജെത്മലാനി. എന്നാല്‍, കലാമിനെ മത്സരിപ്പിക്കണമെന്നാണു ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. കലാമിനു പിന്തുണ നല്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.