സോണിയയുമായി മമത കൂടിക്കാഴ്ച നടത്തി

single-img
13 June 2012

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനാര്‍ജി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തൃണമൂല്‍ പിന്തുണയ്ക്കുന്ന കാര്യമാണ് ഇരുവരുടെയും പ്രധാന ചര്‍ച്ചാവിഷയം. ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രണാബ് മുഖര്‍ജിയെയാണ് കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. പ്രണാബ് മുഖര്‍ജി കഴിഞ്ഞാല്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് തങ്ങളുടെ പരിഗണനയിലെന്നും സോണിയ മമതയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രണബിന്റെ സ്ഥാനാര്‍ഥിത്വത്തോട് മമതാ ബാനര്‍ജി നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. സോണിയയുമായുള്ള കൂടിക്കാഴ്ചയിലും മമത നിലപാട് ആവര്‍ത്തിച്ചുവെന്നാണ് വിവരം.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ക്ഷണിച്ചതനുസരിച്ചാണ് താന്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നതെന്ന് മമത കൂടിക്കാഴ്ചക്കുമുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പശ്ചിമബംഗാളിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജും രാഷ്ട്രപതി തെരഞ്ഞെടുപ്പു തമ്മില്‍ ബന്ധിപ്പിക്കുന്നത് തന്റെ എതിരാളികളാണെന്നും ഇവ തമ്മില്‍ ബന്ധമൊന്നുമില്ലെന്നും മമത പറഞ്ഞു. പശ്ചിമബംഗാളിനുള്ള കേന്ദ്രസഹായം പിടിച്ചുവച്ചിരിക്കുന്നത് പ്രണാബ് മുഖര്‍ജിയാണെന്ന് സംശയമുണ്‌ടെന്ന് മമത നേരത്തെതന്നെ ആരോപിച്ചിരുന്നതാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള പ്രണാബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തെത്തുന്നത് തനിക്ക് രാഷ്ട്രീയമായി ക്ഷീണമാണെന്നാണ് മമതയുടെ കാഴ്ചപ്പാട്. ഈ സാഹചര്യത്തിലാണ് മമത, പ്രണാബിനെ എതിര്‍ക്കുന്നത്. ഗോപാല്‍കൃഷ്ണ ഗാന്ധി, മീരാകുമാര്‍ എന്നീ പേരുകള്‍ക്കാണ് മമത മുന്‍തൂക്കം നല്‍കുന്നത്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാനും തയാറാണെന്നാണ് മമതയുടെ നിലപാട്.