രാഷ്ട്രപതി തെരഞ്ഞെടുപ്പു ജൂലൈ 19 ന്, ഫലം 22ന്

single-img
12 June 2012

രാഷ്ട്രപതി തെര ഞ്ഞെ ടുപ്പു ജൂലൈ 19-നു നടക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. 22-നാണു വോട്ടെണ്ണല്‍. ഈ മാസം 16-നു തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. 30 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കാലാവധി ജൂലൈ 24 നാണ് അവസാനിക്കുന്നത്.

ഇന്നലെ രാവിലെ കൂടിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ യോഗമാ ണു രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിച്ചത്. 30 വരെ സമര്‍പ്പിക്കാനാവുന്ന നാമനിര്‍ദേശ പത്രികകള്‍ ജൂലൈ രണ്ടിനു സൂക്ഷ്മ പരിശോധന നടത്തും. നാലുവരെ പത്രികകള്‍ പിന്‍വലിക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി തിങ്കളാഴ്ച ചുമതലയേറ്റ വി.എസ്. സമ്പത്ത് തന്റെ ആദ്യത്തെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യസഭാ സെക്രട്ടറി ജനറല്‍ ഡോ. വി.കെ. അഗ്നിഹോത്രിയെയാണു മുഖ്യ റിട്ടേണിംഗ് ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ്യസഭാ ജോയിന്റ് സെക്രട്ടറിമാരായ എസ്. കെ. ഗാംഗുലി, ദീപക് ഗോയല്‍ എന്നിവരെ അസിസ്റ്റന്റുമാരായും നിയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ നിയമസഭാ സെക്രട്ടറി ഇന്‍-ചാര്‍ജ് പി.കെ. മുരളീധരനും ജോയിന്റ് സെക്രട്ടറി വില്‍സണ്‍ വി. ജോണിനുമാണു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ ചുമതല. നിയമസഭയിലെ 604-ാം നമ്പര്‍ മുറിയാണു സംസ്ഥാനത്തെ വോട്ടിംഗ് കേന്ദ്രം.