വൈദ്യുതി കുടിശിക: കെഎസ്ഇബിക്ക് കിട്ടാനുള്ളത് 1281 കോടി രൂപ

single-img
12 June 2012

വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ 1281.36 കോടി രൂപ പിരിഞ്ഞുകിട്ടാനുണെ്ടന്ന് വെദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. കെഎസ്ഇബിക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും 139.37 കോടി രൂപ പിരിഞ്ഞുകിട്ടാനുണ്ട്. പൊതുമേഖലയും സഹകരണ സ്ഥാപനങ്ങളും 524.38 കോടി രൂപ നല്‍കാനുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 8.71 കോടിരൂപയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 2..08 കോടി രൂപയും കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ 20.67 കോടി രൂപയും നല്‍കാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ 564.21 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കുടിശിക 78.77 കോടി രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. പി.ഐഷാപോറ്റി , പി.സലീഖ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

45.27 കോടി രൂപ നല്‍കുവാനുള്ള കൃഷി വകുപ്പാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത്. പൊതുമേഖലയില്‍ 280.03 കോടി രൂപ നല്‍കാനുള്ള വാട്ടര്‍ അഥോറിറ്റിയുമാണ് ഏറ്റവും അധികം തുക സര്‍ക്കാരിന് നല്‍കാനുള്ളത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റെയില്‍വേയാണ് ഏറ്റവും അധികം രൂപ നല്‍കാനുള്ളത്, 1.81 കോടി. സ്വകാര്യ മേഖലയില്‍ ബിനാനി സിങ്ക് ലിമിറ്റഡ് ആണ് ഏറ്റവും അധികം കുടിശിക നല്‍കാനുള്ളത്, 48.08 കോടി രൂപ കുടിശിഖ വരുത്തിയിട്ടുണ്ട്. മില്‍മ വൈദ്യുതി വകുപ്പിന് നല്‍കാനുള്ള കുടിശിഖ 3.40 കോടി രൂപയാണ്. വിവിധ മൊബൈല്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശിഖ 20.25 കോടി രൂപയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.