യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനെ കാണാന്‍ കയാനി വിസമ്മതിച്ചു

single-img
12 June 2012

പാക്കിസ്ഥാനില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി പീറ്റര്‍ ലവോയിയെ കാണാന്‍ പാക് സൈനികമേധാവി ജനറല്‍ കയാനി വിസമ്മതിച്ചു. കയാനിയുമായി കൂടിക്കാഴ്ചയ്ക്ക് അമേരിക്ക അനുമതി ചോദിച്ചെന്നും പാക് സൈനിക ഹെഡ്ക്വാര്‍ട്ടേഴ്‌സ് നിരസിച്ചെന്നും ദ നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തമായ കാരണം പറഞ്ഞില്ലെങ്കിലും അതിര്‍ത്തിമേഖലയിലെ തീവ്രവാദികളെ അമര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന അമേരിക്കയുടെ പ്രസ്താവനയാണ് കയാനിയെ പ്രകോപിപ്പിച്ചതെന്നു കരുതപ്പെടുന്നു. പാക്കിസ്ഥാനെ നിരന്തരം കുറ്റപ്പെടുത്തിയശേഷം രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹിച്ചാല്‍ നടപ്പില്ലെന്ന് ഒരു പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാറ്റോ വ്യോമാക്രമണത്തില്‍ പാക് ചെക്കുപോസ്റ്റിലെ 24 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് യുഎസ്-പാക് ബന്ധം മോശമായത്. ഈ സംഭവത്തില്‍ മാപ്പുപറയാന്‍ അമേരിക്ക വിസമ്മതിക്കുകയാണ്.