നവീകരണത്തിന് 35 ലക്ഷം; ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ടോയ്‌ലറ്റ് നവീകരണം

single-img
6 June 2012

രണ്ടു ടോയ്‌ലറ്റുകളുടെ നവീകരണത്തിനു പ്ലാനിംഗ് കമ്മീഷന്‍ ചെലവിട്ടത് 35 ലക്ഷം രൂപ. യോജനാ ഭവന്‍ ആസ്ഥാനത്തെ രണ്ടു ടോയ്‌ലറ്റുകളാണ് ലക്ഷങ്ങള്‍ മുടക്കി ആഢംബര ടോയ്‌ലറ്റുകളായി രൂപംമാറിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് പ്ലാനിംഗ് കമ്മീഷന്‍ അധികാരികളുടെ ദൂര്‍ത്ത് വെളിവായത്. ടോയ്‌ലറ്റിനുള്ളിലെ ചില ഉപകരണങ്ങള്‍ക്കു മാത്രം 5.19 ലക്ഷം രൂപയാണ് മുടക്കിയത്. ഇതിനെല്ലാം പുറമെ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് ഈ രാജകീയ ടോയ്‌ലറ്റുകളില്‍ പ്രവേശമുള്ളുവെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. ഇതിനായി 60 സ്മാര്‍ട്ട് കാര്‍ഡുകളാണ് പ്ലാനിംഗ് കമ്മീഷന്‍ തയാറാക്കിയിട്ടുള്ളത്.

അതേസമയം, എല്ലാ നവീകരണം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം ടോയ്‌ലറ്റിന്റെ വാതിലില്‍ ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം പ്രവര്‍ത്തനരഹിതമായി. നിയന്ത്രിത ഉപയോഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്മാര്‍ട്ട് കാര്‍ഡ് പ്രവേശനം അവസാനിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. 2004ല്‍ പ്ലാനിംഗ് കമ്മീഷന്‍ ഉപാധ്യക്ഷനായി അധികാരമേറ്റ മൊണ്‌ടേക് സിംഗ് അലുവാലിയ കഴിഞ്ഞ വര്‍ഷം ജനുവരി വരെ നടത്തിയ വിദേശയാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്നു 2.34 കോടി രൂപ ചെലവിട്ടതായുള്ള വെളിപ്പെടുത്തലുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.