ജയിലില്‍ മുബാറക്ക് നിരാഹാരം തുടങ്ങി

single-img
5 June 2012

ജനാധിപത്യ പ്രക്ഷോഭകരെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ടെന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ ഈജിപ്ഷ്യന്‍ ഏകാധിപതി ഹോസ്‌നി മുബാറക്ക് ജയിലില്‍ ആഹാരവും മരുന്നും കഴിക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട്.പ്രത്യേക ഹെലികോപ്ടറിലാണ് ശനിയാഴ്ച മുബാറക്കിനെ കയ്‌റോയിലെ ടോറാ ജയിലില്‍ കൊണ്ടുവന്നത്. മുബാറക്കിന്റെ ഭരണകാലത്ത് എതിരാളികളെ പാര്‍പ്പിച്ചിരുന്ന സ്ഥലമാണിത്. ജയില്‍ കവാടത്തില്‍ വച്ച് മുബാറക്കിന്റെ ഫോട്ടോയെടുത്തശേഷം അദ്ദേഹത്തിന് നീല യൂണിഫോം നല്‍കി. ജയില്‍നമ്പറും നല്‍കി. യൂണിഫോം ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതായി ഗാര്‍ഡുമാര്‍ വ്യക്തമാക്കി. മുബാറക്കിന്റെ ഭാര്യ സുസന്നാ താബെത്തും മരുമക്കളും അദ്ദേഹത്തെ ടോറാ ജയിലില്‍ എത്തി സന്ദര്‍ശിച്ചു. ജയിലിലെ മെഡിക്കല്‍ വിംഗിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത്.